സില്‍വര്‍ ലൈനിന്റെ ഇരകളാകുന്നത് കേരളം മുഴുവനാണെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സില്‍വര്‍ ലൈനിന്റെ ഇരകളാകാന്‍ പോകുന്നത് കേരളം മുഴുവനാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വരേണ്യ വര്‍ഗ്ഗത്തിന് വേണ്ടിയാണ് കെറെയില്‍ നടപ്പിലാക്കുന്നത്. എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തിയല്ല പദ്ധതി നടപ്പാക്കേണ്ടത്. കേരളത്തെ ബനാന റിപ്പബ്ലിക്കായി മാറ്റാന്‍ അനുവദിക്കില്ലെന്നും സതീശന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ചുളള അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു വിഡി സതീശന്‍.

എല്ലാ പൊതുഗതാഗത സംവിധാനത്തേയും സില്‍വര്‍ ലൈന്‍ വിഴുങ്ങും. പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനോട് പ്രതിപക്ഷത്തിന് യോജിപ്പുണ്ട്. കേരളത്തിലെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമായ കെഎസ്ആര്‍ടിസിയെ സ്വാഭാവിക മരണത്തിന് വിട്ട് കൊടുക്കുകയാണ് സര്‍ക്കാര്‍. എന്നിട്ട് വരേണ്യവിഭാഗത്തിന് വേണ്ടി കെറെയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു. ഇതിന്റെ ഇരകള്‍ കേരളം മുഴുവനാണെന്നും സതീശന്‍ വിമര്‍ശിച്ചു.

കുട്ടികള്‍ക്ക് പാലും മുട്ടയും കൊടുക്കാന്‍ കഴിയാത്ത സര്‍ക്കാറാണിത്. പാലും മുട്ടയും കൊടുക്കാന്‍ പ്രധാനധ്യാപകര്‍ പോക്കറ്റില്‍ നിന്നും കാശ് എടുക്കേണ്ടി വരുന്നുവെന്നും സതീശന്‍ വിമര്‍ശിച്ചു. പൊലീസ് വാഹനങ്ങള്‍ക്ക് പോലും പെട്രോള്‍ അടിക്കാന്‍ കാശില്ല. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുമ്‌ബോഴും എന്തിനാണ് ഇങ്ങനെയൊരു പദ്ധതി.

ഡിപിആറില്‍ ഡാറ്റാ കൃത്രിമം നടത്തിയിരിക്കുകയാണ്. ഡാറ്റാ പരിശോധിച്ചാല്‍ ഡാറ്റ തയ്യാറാക്കിയവര്‍ ജയിലില്‍ പോകേണ്ടിവരും. ഡാറ്റാ കൃത്രിമം ഗുരുതര കുറ്റകൃത്യമാണെന്നും വിഡി സതീശന്‍ ഓര്‍മ്മിപ്പിച്ചു. മുഖ്യമന്ത്രി സഭയില്‍ സൂചിപ്പിച്ചതല്ല ഡിപിആര്‍ എംബാഗ്മെന്റ് കണക്ക്. ഡാറ്റയില്‍ കൃത്രിമം നടത്തി പദ്ധതി ലാഭകരമെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമിക്കുന്നത്. സ്പീഡാണ് ഇന്നത്തെ വികസനമെന്ന് ഭരണപക്ഷം തെറ്റിദ്ധരിച്ചിരിക്കുന്നു. ഭരണാധികാരി ജനാധിപത്യ വിരുദ്ധമാകുമ്പോള്‍ ചില ലക്ഷണങ്ങള്‍ കാണിക്കും. എതിര്‍ക്കുന്നവരെ കുറ്റപ്പെടുത്തുന്നത് എകാധിപതികളുടെ പൊതുസ്വഭാവം. അതാണ് സില്‍വര്‍ ലൈന്റെ കാര്യത്തില്‍ സംഭവിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

Top