മദ്യവില കൂട്ടിയത് മദ്യനിര്‍മാതാക്കള്‍ക്ക് വേണ്ടിയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മദ്യവില വര്‍ധനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യവില കൂട്ടിയത് മദ്യനിര്‍മാതാക്കള്‍ക്ക് വേണ്ടിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മദ്യത്തിന് പതിനാല് ശതമാനം വര്‍ധനവാണ് ഉണ്ടായത്. മദ്യവിലവര്‍ധന അടിയന്തരമായി പിന്‍വലിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

ബെവ്കോയുടെ ആവശ്യത്തിന് പിന്നില്‍ സിപിഐഎമ്മാണ്. ഇടപാടില്‍ നൂറുകോടി രൂപയുടെ അഴിമതി ഉണ്ടെന്നാണ് മനസിലാക്കുന്നത്. തീരുമാനം ഡിസ്റ്റിലറി കമ്പനികള്‍ക്ക് അനര്‍ഹമായ ലാഭം നേടാന്‍ സഹായിക്കും. ബെവ്കോയെ കൊണ്ട് ആവശ്യം ഉന്നയിപ്പിച്ചത് എകെജി സെന്ററിലെ ബുദ്ധികേന്ദ്രങ്ങളാണെന്നും ചെന്നിത്തല ആരോപിച്ചു.

അതേസമയം, പ്രതിപക്ഷ നേതാവിന്റെ ആരോപണം എക്സൈസ് മന്ത്രി ടി. പി രാമകൃഷ്ണന്‍ തള്ളി. ബെവ്‌കോ വാങ്ങുന്ന മദ്യവില നിശ്ചയിക്കുന്നത് ഡയറക്ടര്‍ ബോര്‍ഡാണ്. സ്പിരിറ്റിന്റെ വില കൂട്ടുന്നതാണ് മദ്യത്തിന്റെ വില കൂടാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു. പുകമറ സൃഷ്ടിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കുംഭകോണങ്ങളുടെ കുംഭമേളയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിനെ കുറിച്ച് ഹൈക്കോടതി പരാമര്‍ശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top