ആരോഗ്യവകുപ്പിനെ സി പി എം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്താന്‍ വൈകിയതിനെ തുടര്‍ന്ന് വൃക്ക രോഗി മരിച്ചെന്ന ആരോപണത്തില്‍ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും ആരോഗ്യമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

ആരോഗ്യവകുപ്പിനെ സി പി എം ഹൈജാക്ക് ചെയ്തിരിക്കുന്നു. വീഴ്ചയെ കുറിച്ച് ആരോഗ്യ മന്ത്രി അറിയണമെന്നില്ല. മറ്റൊരു സംഘമാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. മന്ത്രി യാതൊന്നും അറിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദില്ലിയില്‍ മാധ്യമങ്ങളോടാണ് സതീശന്‍ ഇക്കാര്യം പറഞ്ഞത്. നേരത്തെ ഇതേ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പ്രസ്താവനയും പുറത്തിറക്കിയിരുന്നു.

നെഫ്രോളജി യൂറോളജി വിഭാഗങ്ങള്‍ സംയുക്തമായി നടത്തേണ്ട ശസ്ത്രക്രിയയ്ക്ക് വേണ്ടി രോഗിയെ സജ്ജമാക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് വി ഡി സതീശൻ ആരോപിച്ചു. ശസ്ത്രക്രിയ നടത്തുന്ന വിവരം ആശുപത്രി അധികൃതര്‍ക്ക് അറിയാമായിരുന്നിട്ട് കൂടി സെക്യുരിറ്റ് അലര്‍ട്ട് നല്‍കിയില്ല. ലിഫ്റ്റിനായുള്ള കാത്തിരിപ്പും ഓപ്പറേഷന്‍ തിയേറ്ററിന് മുന്നിലെ കാത്ത് നില്‍പ്പും കാരണം വിലയേറിയ പത്ത് മിനിട്ട് നഷ്ടപ്പെട്ടു. കുറ്റകരമായ ഉദാസീനത കാരണം ഒരു ജീവനാണ് നഷ്ടപ്പെട്ടതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കുറ്റകരമായ വീഴ്ചയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ആരോഗ്യമന്ത്രിക്കോ സര്‍ക്കാരിനോ ഒഴിഞ്ഞ് മാറാനാകില്ല. കാലങ്ങള്‍ കൊണ്ട് ആരോഗ്യമേഖലയില്‍ കേരളം നേടിയെടുത്ത നേട്ടങ്ങളെല്ലാം ഈ സര്‍ക്കാര്‍ ഒന്നൊന്നായി ഇല്ലാതാക്കുകയാണെന്നും വി ഡി സതീശൻ പ്രസ്താവനയില്‍ പറഞ്ഞു.

Top