കേന്ദ്ര വിജ്ഞാപനം കാര്‍ഷിക ഭാരതത്തിന്റെ നട്ടെല്ലൊടിക്കുമെന്ന് പ്രതിപക്ഷനേതാവിന്റെ കത്ത്

ramesh-Chennithala

തിരുവനന്തപുരം: കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ വിജ്ഞാപനത്തില്‍ പ്രതിഷേധിച്ചും, വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു.

മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമത്തില്‍ പുതിയതായി കൊണ്ടുവന്ന കന്നുകാലിക്കശാപ്പും കന്നുകാലിക്കടത്തും സംബന്ധിച്ച നിബന്ധനകള്‍ സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം ആരായാതെ തീരുമാനിച്ചതാണെന്നും കത്തില്‍ വ്യക്തമാക്കി.

കന്നുകാലിക്കശാപ്പ് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര-വനം-പരിസ്ഥിതിമന്ത്രാലയത്തിന്റെ വിജ്ഞാപനം രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് എതിരാണ്. ഇത് കന്നുകാലി കര്‍ഷകരെയും അനുബന്ധവ്യവസായങ്ങളെയും പ്രതിസന്ധിയിലാക്കുമെന്നും കത്തില്‍ പറയുന്നു.

രാജ്യത്ത് ബീഫ് നിരോധനം കൊണ്ടുവരാനും ഭക്ഷണത്തിലുള്ള പൗരന്റെ അവകാശത്തില്‍ കടന്നുകയറാനുമുള്ള നീക്കമാണ് ഉണ്ടായിരിക്കുന്നത്. കാര്‍ഷിക രാജ്യമായ ഇന്ത്യയിലെ 30 ശതമാനം പേരും കാലിവളര്‍ത്തലിലും കാലിവില്‍പനയിലും ഏര്‍പ്പെട്ടിട്ടുള്ളവരാകയാല്‍ ഈ തീരുമാനം ദശലക്ഷക്കണക്കിനാളുകളെ ദോഷകരമായി ബാധിക്കും. അവരുടെ ജീവിതം വഴിമുട്ടും.

പുതിയ വ്യവസ്ഥകള്‍ കാലിവ്യാപാരത്തിന് തടസ്സമുണ്ടാക്കും. മാംസക്കയറ്റുമതിയെയും തുകല്‍ വ്യവസായത്തെയും ഗുരുതരമായി ബാധിക്കും. 26,685 കോടിരൂപയുടെ വ്യവസായമാണിത്. അത് പാടെ നശിക്കും. ലക്ഷക്കണക്കിനാളുകളുടെ തൊഴില്‍ നഷ്ടപ്പെടാന്‍ ഇത് കാരണമാകും. ഈ തീരുമാനം കാര്‍ഷിക ഭാരതത്തിന്റെ നട്ടെല്ലൊടിക്കുമെന്നും ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.

Top