കോണ്‍ഗ്രസ് പുനസംഘടനയില്‍ അടിമുടി മാറ്റം വേണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസ് പുനഃസംഘടനയില്‍ അടിമുടി മാറ്റം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജംബോ കമ്മിറ്റികള്‍ വേണ്ടെന്ന നിലപാടില്‍ കെ സുധാകരനും ഉറച്ച് നില്‍ക്കുന്നതിനിടെ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്നു. പുനഃസംഘടന വിഷയത്തില്‍ സമവായം ഉണ്ടാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയകാര്യ സമിതിക്ക് മുമ്പ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. മുതിര്‍ന്ന നേതാക്കളാണ് തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്.

പുനഃസംഘടനാ മാനദണ്ഡങ്ങളില്‍ സമവായമാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. ഭാരവാഹികളുടെ എണ്ണം പത്തില്‍ ഒതുക്കണമെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉറപ്പിക്കുന്നത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ ഇതിനോട് യോചിക്കുന്നില്ല.

ഇതുവരെ ഉള്ള സംഘടനാ സംവിധാനത്തിന് എന്തെല്ലാം ന്യൂനതകള്‍ ഉണ്ടോ അതെല്ലാം പരിഹരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം എന്നും രാഷ്ട്രീയകാര്യ സമിതിയില്‍ പുനഃസംഘടന തന്നെയാണ് അജണ്ടയെന്നും വിഡി സതീശന്‍ പറഞ്ഞു. അടിമുടി മാറ്റം വേണമെന്നത് പൊതു വികാരം ആണ്. എല്ലാവരെയും ഒരുമിച്ച് നിര്‍ത്തി എല്ലാവര്‍ക്കും സ്വീകാര്യമായ ഫോര്‍മുലയാണ് ആലോചിക്കുന്നതെന്നും സമയബന്ധിതമായി ഭാരവാഹി നിര്‍ണ്ണയും പൂര്‍ത്തിയാക്കുമെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. ഹൈക്കമാന്റ് അനുമതി കൂടി വാങ്ങിയ ശേഷമായിരിക്കും അന്തിമ തീരുമാനം .

 

Top