നവ കേരള സദസ്സിന്റെ പറവൂര്‍ മണ്ഡലത്തില്‍ വിഡി സതീശനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

പറവൂര്‍: പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരിലെ നവ കേരള സദസ്സില്‍ വിഡി സതീശനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്തത് പ്രതിപക്ഷ നേതാവാണെന്നും യുഡിഎഫ് കണ്‍വീനര്‍ അങ്ങനെ പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ നിലപാട് ജനാധിപത്യ പ്രക്രിയയല്ല. ജനാധിപത്യമില്ലാത്ത ജനാധിപത്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും പിണറായ് വിജയന്‍ വിമര്‍ശിച്ചു.

വയനാട് തുരങ്ക പാതയെ സഹ്യന്റെ പേര് പറഞ്ഞ് എതിര്‍ത്ത ആളാണ് പ്രതിപക്ഷ നേതാവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാട് ഒരു നിലക്കും മുന്നോട്ട് പോകാന്‍ പാടില്ലെന്നതാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാട്. നവ കേരള സദസ്സ് ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ ആഹ്വാനം ജനങ്ങള്‍ തള്ളി. പല കൂട്ടായ്മകളും കേരളം കണ്ടിട്ടുണ്ട്. ജനങ്ങള്‍ അതിലെല്ലാം പങ്കെടുത്തിട്ടുണ്ട്. അതിന്റെയെല്ലാം മുകളിലാണ് നവകേരള സദസ്. പറവൂരിലെ ജനങ്ങളിലുള്ള വിശ്വാസം കൊണ്ടാണ് പറവൂരില്‍ കാണാമെന്ന് പറഞ്ഞത്. അത് ജനങ്ങള്‍ പാലിച്ചെന്നും മുഖ്യമന്ത്രി ചൂണ്ടികാണിച്ചു.

അതേസമയം, പ്രതിപക്ഷ നേതാവ് വിഡി സതീശനെ മന്ത്രിമാരും രൂക്ഷമായ ഭാഷയില്‍ വേദിയില്‍ വിമര്‍ശിച്ചു. പറവൂരിലെ തമ്പുരാന് മുഖ്യമന്ത്രി പദം സ്വപ്നം മാത്രമാവുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് എറണാകുളം ജില്ലക്കാരനായതില്‍ ലജ്ജ തോന്നേണ്ട സമയമാണെന്ന് നവ കേരള സദസ്സില്‍ പങ്കെടുക്കാനും പരാതി പറയാനുമെത്തിയവരോട് മന്ത്രി ആര്‍ ബിന്ദുവും പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ നവ കേരള സദസ്സിനെതിരായ പ്രസ്താവനകളെ മന്ത്രി പി പ്രസാദും വിമര്‍ശിച്ചു.

Top