അദാനി, രാഹുൽ വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷം; ഇരുസഭകളും നിർത്തിവച്ചു

ഡൽഹി: അദാനി-രാഹുൽ ഗാന്ധി അയോഗ്യതാ വിഷയങ്ങളിൽ പാർലമെന്റിൽ ഇന്നും പ്രതിഷേധം. പ്രതിപക്ഷം ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. അയോഗ്യതാ വിജ്ഞാപനം സ്പീക്കറുടെ ചെയറിലേക്ക് കീറിയെറിഞ്ഞു. രാജ്യസഭയിൽ പ്രതിപക്ഷ അംഗങ്ങൾ ‘മോദി അദാനി ഭായി’ മുദ്രാവാക്യം വിളിച്ചു. ബഹളത്തെ തുടർന്ന് ഇരുസഭകളും രണ്ട് മണി വരെ നിർത്തിവച്ചു. പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിന്ന് വിജയ് ചൗക്കിലേക്ക് എംപിമാർ മാർച്ച് നടത്തി.

രാഹുൽ ഗാന്ധി പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയ നടപടിയിൽ ശക്തമായ പ്രതിഷേധ നടപടികളുമായി മുന്നോട്ടുപോകാൻ ഇന്ന് രാവിലെ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു. അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. അടിന്തര പ്രമേയത്തിനുള്ള അനുമതി നൽകിയോ ഇല്ലയോ എന്ന് വ്യക്തമാക്കുന്നതിന് മുൻപ് തന്നെ പ്രതിഷേധം തുടങ്ങി.

നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ രാഹുലിനെ അയോഗ്യനാക്കിയ വിജ്ഞാപനമടക്കമുള്ള പേപ്പറുകൾ കീറിയെറിഞ്ഞു. തുടർന്ന് സഭാ നടപടികൾ രണ്ട് മണി വരെ നിർത്തിവയ്ക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടിന് ലോക്സഭ വീണ്ടും ചേരും. സഭാനടപടികൾ ആരംഭിച്ചയുടൻ പ്രതിപക്ഷ ബഞ്ചുകളിലെ അംഗങ്ങൾ നടുത്തളത്തിലേക്ക് വന്ന് ചെയറിന് നേരെ പേപ്പറുകൾ എറിയാൻ തുടങ്ങി. ഇന്നും കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷ അംഗങ്ങളിൽ ചിലരെത്തിയത്.

Top