ബുവേനോസ് ആരിസ്: അര്‍ജന്റീനയില്‍ ബുവേനോസ് ആരിസ് മേയറും ബോകാ ജൂണിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബിന്റെ മുന്‍ പ്രസിഡന്റുമായ മൗറീത്യോ മ്യാക്രിയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ആദ്യ ഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ജസ്റ്റിഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഡാനിയല്‍ ഷിയോലിയെ വന്‍ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് മൊറിഷ്യോ മ്യാക്രി വിജയിച്ചത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇതിനകം 53 ശതമാനം വോട്ട് നേടിയാണ് പ്രതിപക്ഷ സ്ഥാനാര്‍ഥിയായ മൗറീത്യോ മാക്രി വിജയം ഉറപ്പിച്ചത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ് പിന്തുണച്ച മുന്‍ വൈസ് പ്രസിഡന്റ് ഡാനിയല്‍ സിയോളിക്കു 47 ശതമാനം വോട്ടേ കിട്ടിയുള്ളൂ.
2007 മുതല്‍ തുടര്‍ച്ചയായി രണ്ട് വട്ടം പ്രസിഡന്റായ ക്രിസ്റ്റീന ഫെര്‍ണാണ്ടസ് പടിയിറങ്ങുന്നതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. 2000 മുതല്‍ ക്രിസ്റ്റീനയുടെ പാര്‍ട്ടിയാണ് അര്‍ജന്റീന ഭരിക്കുന്നത്. ക്രിസ്റ്റീനയുടെ ഭര്‍ത്താവ് നെസ്റ്റോര്‍ ഡി കെച്ച്‌നറായിരുന്നു അതിന് മുമ്പ് ഭരിച്ചിരുന്നത്. ഒക്ടോബറില്‍ നടന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ സിയോളിക്കായിരുന്നു നേരിയ ഭൂരിപക്ഷം. സിയോളി 35 ശതമാനം വോട്ടും മ്യാക്രി 34 ശതമാനം വോട്ടുമാണ് നേടിയിരുന്നത്.


