പ്രക്ഷോഭം കടുപ്പിച്ച് പ്രതിപക്ഷം, നടുത്തളത്തിൽ അനിശ്ചിതകാല സത്യാഗ്രഹം

തിരുവനന്തപുരം: സഭയിൽ പ്രക്ഷോഭം കടുപ്പിച്ച്, സഭയുടെ നടുത്തളത്തിൽ അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷം. പ്രതിപക്ഷത്തെ അഞ്ചു എംഎൽഎമാർ നടുത്തളത്തിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രഖ്യാപിച്ചു. ഇത് ശരിയായ രീതിയല്ലെന്ന് സ്പീക്കർ ഓർമ്മിപ്പിച്ചു.

ഇന്ന് സഭ ചേർന്ന ഉടനെയാണ് വി ഡി സതീശൻ പ്രഖ്യാപനം നടത്തിയത്. ‘കഴിഞ്ഞ കുറച്ചുദിവസങ്ങളായി സഭാ നടപടികൾ തടസപ്പെടുകയാണ്. പ്രശ്‌നം പരിഹരിച്ച് സഭാ നടപടികൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഒരു മുൻകൈയും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. സർക്കാർ ധാർഷ്ട്യം നിറഞ്ഞ നിലപാടാണ് സ്വീകരിക്കുന്നത്. രണ്ടു സുപ്രധാന വിഷയങ്ങളിൽ തീരുമാനമാകാത്ത സാഹചര്യത്തിൽ സഹകരിക്കാൻ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് പ്രതിപക്ഷത്തെ അഞ്ചു എംഎൽഎമാർ സഭയുടെ നടുത്തളത്തിൽ അനിശ്ചിത കാല സത്യാഗ്രഹം ഇരിക്കാൻ തീരുമാനിച്ചതായി അറിയിക്കുന്നു’- വി ഡി സതീശന്റെ വാക്കുകൾ.

സഭാ ചട്ടങ്ങളുടെ ലംഘനമാണിതെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. നേരത്തെ സമാന്തര സഭ നടത്തി. ഇപ്പോൾ നടുത്തളത്തിൽ സത്യാഗ്രഹം ഇരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്ന് കെ രാജൻ പറഞ്ഞു. ഇത് ശരിയായ രീതിയല്ലെന്ന് സ്പീക്കർ ഓർമ്മിപ്പിച്ചു. നേരത്തെ സ്പീക്കറെ അവഹേളിക്കുന്ന രീതിയിൽ സമാന്തര സ്പീക്കർ ഉണ്ടാക്കി മോക്ക് സഭ നടത്തി. വീണ്ടും സഭാ സമ്മേളനം നടത്തിക്കില്ല എന്ന രീതിയിലാണ് പ്രതിപക്ഷം പെരുമാറുന്നതെന്നും സ്പീക്കർ പറഞ്ഞു.

Top