പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കില്ല ; പ്രതിപക്ഷ ഐക്യം ശക്തമാക്കാന്‍ കോണ്‍ഗ്രസ്

RAHUL GANDI

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കില്ലെന്ന് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പു ഫലമനുസരിച്ചായിരിക്കും പ്രധാനമന്ത്രിപദം സംബന്ധിച്ച് തീരുമാനത്തിലെത്തുകയുള്ളൂവെന്നും കോണ്‍ഗ്രസ് കേന്ദ്ര നേതാക്കളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

തിരഞ്ഞെടുപ്പിനു മുന്‍പു പ്രധാനമന്ത്രി പദത്തിന്റെ പേരില്‍ സഖ്യത്തില്‍ വിള്ളലുണ്ടാകാതിരിക്കാനാണ് കോണ്‍ഗ്രസിന്റെ ഈ നീക്കം.

അതേസമയം, ബിജെപിയെയും ആര്‍എസ്എസിനെയും വേരോടെ പിഴുതെറിയാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്താനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.

പ്രതിപക്ഷ ഐക്യം ശക്തമാകുന്നതോടെ പല സംസ്ഥാനങ്ങളിലും വിജയം ഉറപ്പാക്കി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവരാനാകുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

ബിജെപിയെയും ആര്‍എസ്എസിനെയും നേരിടുകയെന്ന ലക്ഷ്യത്തോടെ വിശാല ഐക്യം സംബന്ധിച്ച ഏകദേശ ധാരണയ്ക്ക് ഇതിനോടകം കോണ്‍ഗ്രസ് രൂപം നല്‍കിക്കഴിഞ്ഞിട്ടുണ്ട്.

അതേസമയം, ശിവസേനയുമായി സഖ്യത്തിനില്ലെന്നും കോണ്‍ഗ്രസ്സ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

മാത്രമല്ല, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് ജനവിധി തേടും.

റായ്ബറേലിയില്‍ പ്രിയങ്കാ ഗാന്ധിയോ സോണിയാ ഗാന്ധിയോ മത്സരിക്കുമെന്നും കോണ്‍ഗ്രസ്സ് അറിയിച്ചിരുന്നു.

Top