പ്രതിപക്ഷ സഖ്യത്തിന് ‘പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലൈൻസ്’ എന്ന് പേരിട്ടേക്കുമെന്ന് സൂചന

ന്യൂഡൽഹി : അടുത്ത വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ ഒരുമിക്കുന്ന പ്രതിപക്ഷ സഖ്യത്തിന് ‘പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലൈൻസ്’ (പിഡിഎ) എന്ന് പേരിട്ടേക്കുമെന്ന് സൂചന. ഇതിൽ അന്തിമ തീരുമാനം ഷിംലയിൽ നടക്കുന്ന യോഗത്തിൽ ഉണ്ടാവുമെന്നാണ് പ്രതിപക്ഷ നിരയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചത്.

ശനിയാഴ്ച പട്നയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവേ സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജയാണ് പേരു സംബന്ധിച്ച സൂചന നൽകിയത്. പേരിന്റെ അന്തിമ രൂപം ഷിംലയിൽ നടക്കുന്ന അടുത്ത യോഗത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ജൂലൈ 10നും 12നും ഇടയിലാകും അടുത്ത യോഗം. ബിജെപി നയിക്കുന്ന എൻഡിഎയെ പരാജയപ്പെടുത്തുക എന്നതാണ് പ്രതിപക്ഷ കക്ഷികളുടെ പ്രഥമ ലക്ഷ്യമെന്നും അത് എല്ലാ പാർട്ടികൾക്കും ബോധ്യമായിട്ടുള്ളതാണെന്നും അദ്ദേഹം ദേശീയ മാധ്യമത്തോടു പറഞ്ഞു.

മതനിരപേക്ഷ, ജനാധിപത്യ ആശയങ്ങളിൽ വിശ്വസിക്കുന്നവരാണ് സഖ്യത്തിന്റെ ഭാഗമായിട്ടുള്ളത്. അതുകൊണ്ടു തന്നെ പുതിയ സഖ്യത്തിന്റെ പേരിലും അത് പ്രതിഫലിക്കും. തമിഴ്നാട്ടിൽ സെക്യുലർ ഡെമോക്രാറ്റിക് ഫ്രണ്ടും ബിഹാറിൽ മഹാഗഡ്ബന്ധനുമുണ്ട്. അതുപോലെ സംയോജിത പ്രതിപക്ഷം എന്ന നിലയിൽ എല്ലാവരുടെയും പ്രതിബദ്ധത പങ്കിടുന്നതാകും പുതിയ കക്ഷിയുടെ പേരെന്നും ഡി.രാജ വ്യക്തമാക്കി.

പട്നയിലെ യോഗത്തിനു ശേഷം നടന്ന വാർത്താസമ്മേളനത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ‘ഞങ്ങളെ പ്രതിപക്ഷം എന്ന് വിളിക്കുന്നതിനു പകരം രാജ്യസ്നേഹികൾ എന്ന് വിശേഷിപ്പിക്കണം, കാരണം നമ്മളെല്ലാം രാജ്യത്തിന്റെ പൗരന്മാരാണ്’ എന്നാണ് പറഞ്ഞത്. ബിജെപിയെ തോൽപിക്കാൻ ഒന്നിച്ചുനിൽക്കുമെന്നു പ്രഖ്യാപിച്ച്, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനാണ് കോൺഗ്രസ് അടക്കമുള്ള 14 കക്ഷികൾ വെള്ളിയാഴ്ച പട്നയിൽ യോഗം ചേർന്നു തീരുമാനിച്ചത്.

Top