പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’ നാളെ യോ​ഗം ചേരും; മണിപ്പൂർ പ്രശ്നം ചർച്ചയാകും

ദില്ലി: 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനായി രൂപീകരിച്ച പ്രതിപക്ഷ വിശാല സഖ്യമായ ഇന്ത്യ (ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്) നാളെ യോഗം ചേരും. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയുടെ ഓഫീസിലാണ് യോഗം ചേരുകയെന്നാണ് റിപ്പോർട്ട്. പാര്‍ലമെന്റില്‍ മണിപ്പൂർ അടക്കമുളള വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാട് യോഗം ചർച്ച ചെയ്യും.

കോൺ​ഗ്രസ്, തൃണമൂൽ കോൺ​ഗ്രസ്, ഡിഎംകെ, എസ്പി തുടങ്ങിയ 26 പ്രതിപക്ഷ പാർട്ടികളാണ് ഒന്ന് ചേർന്ന് 2024 ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കാഹളം മുഴക്കിയിരിക്കുന്നത്. 2024 തെരഞ്ഞെടുപ്പിനെ മോദിയും ‘ഇന്ത്യ’യും തമ്മിലുള്ള പോരാട്ടമെന്നാണ് രാഹുൽ ​ഗാന്ധി വിശേഷിപ്പിച്ചത്. 26 പാർട്ടികളും സംയുക്തമായി ഒരു പൊതുമിനിമം അജണ്ട മുന്നോട്ട് വച്ച് ഒറ്റ സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് ദിവസങ്ങൾക്കു മുമ്പ് നടന്ന യോഗത്തിന് ശേഷം പാർട്ടി നേതാക്കൾ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതൃനിരയുടെ ഏകോപനത്തിനായി 11 അംഗ ഏകോപന സമിതി രൂപീകരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു.

ഇതിൽ ആരൊക്കെയുണ്ടാകുമെന്ന കാര്യം അടുത്ത യോഗത്തിൽ ചർച്ചയാകും. അടുത്ത പ്രതിപക്ഷ നേതൃസംഗമം മുംബൈയിൽ വച്ചാണ് നടക്കുകയെന്നും തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും നേതാക്കൾ അറിയിച്ചിരുന്നു. ജനാധിപത്യം സംരക്ഷിക്കാനാണ് അഭിപ്രായ ഭിന്നതകൾ മാറ്റി വച്ച് ഒന്നിച്ചതെന്ന് ഖാർഗെ വ്യക്തമാക്കി. ‘ഇന്ത്യ’ സഖ്യത്തെ ജയിക്കാൻ ധൈര്യമുണ്ടോ എന്നാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മോദിയെ വെല്ലുവിളിച്ചിരിക്കുന്നത്. 26 പാർട്ടികളിൽ നിന്നായി 49 നേതാക്കൾ രണ്ട് ദിവസം ബെംഗളുരുവിൽ നടന്ന പ്രതിപക്ഷ ഐക്യയോഗത്തിൽ പങ്കെടുത്തു.

Top