കോവിഡ് വ്യാപനം ഗുരുതരമാക്കിയത് പ്രതിപക്ഷ സമരം; എ കെ ബാലന്‍

പാലക്കാട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഗുരുതരമാക്കിയത് പ്രതിപക്ഷത്തിന്റെ സമരമാണെന്ന് മന്ത്രി എ.കെ ബാലന്‍.
പാലക്കാട് ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ നിബന്ധനകള്‍ വേണ്ടിവരും. ജാഗ്രതയുടെ ദിവസങ്ങളാണ്. സമ്പര്‍ക്ക വ്യാപനം ക്ഷണിച്ച് വരുത്തിയതാണ്. പ്രത്യക്ഷ സമരങ്ങള്‍ അവസാനിപ്പിക്കാനുള്ള യുഡിഎഫ് തീരുമാനം സ്വാഗതാര്‍ഹമാണ്. ഈ നിലപാട് അല്‍പ്പം കൂടി നേരത്തെ എടുക്കാമായിരുന്നു. അനുഭവത്തില്‍ നിന്ന് പാഠം പഠിക്കാത്ത പാര്‍ട്ടിയാണ് ബിജെപി. അവര്‍ നിലപാട് പുനപരിശോധിക്കണം.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിന് എതിരായ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നുവെന്ന പ്രതിപക്ഷ വാദം പച്ചക്കള്ളമാണ്. ഒരു പ്രൊപ്പോസലും നിയമവകുപ്പിന് വന്നിട്ടില്ല. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് അനില്‍ അക്കരയുടെ പരാതി നിയമപരമായി നിലനില്‍ക്കില്ല. അതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ആദ്യം ചെയ്ന്‍ തീരുമാനിച്ചത്. പരിശോധിച്ചാല്‍ സ്വര്‍ണ്ണക്കടത്തിലെ യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ ഉതകുന്ന പരാതിയാണ്. ഇക്കാര്യം യുഡിഎഫ് ഗൗരവമായി പരിശോധിക്കണം. ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന എഫ്‌ഐആര്‍ ആണ്.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണമാണ് വേണ്ടത്. ക്രമക്കേട് ഉണ്ടെങ്കില്‍ ഈ അന്വേഷണത്തില്‍ പുറത്ത് വരും. സിബിഐ അന്വേഷണം സാങ്കേതികമായി നിലനില്‍ക്കില്ല. കോടതി നിരീക്ഷണം തിരിച്ചടി അല്ല. നീതി ലഭിക്കുന്നത് വരെ സംസ്ഥാന സര്‍ക്കാര്‍ പോകുമെന്നും ബാലന്‍ വ്യക്തമാക്കി.

Top