കെ സുധാകരനെതിരായ പരാതികളില്‍ ഹൈക്കമാന്‍ഡ് നിലപാട് കാക്കുന്നു; അനാരോഗ്യം ഉയര്‍ത്തി എതിര്‍ചേരി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായ പരാതികളിൽ ഹൈക്കമാൻഡ് നിലപാട് കാത്ത് എതിർ ചേരി. അനാരോഗ്യ പ്രശ്‍നം ഉയർത്തിയാണ് കെ സി വിഭാഗത്തിന്റെയും എം പിമാരുടെയും നീക്കങ്ങൾ. എ ഐ ഗ്രൂപ്പുകൾ വിഷയത്തിൽ ഇത് വരെ കൃത്യമായ നിലപാട് സ്വീകരിച്ചിട്ടില്ല. സുധാകരനെ മാറ്റിയാൽ സാമൂദായിക സമവാക്യങ്ങൾ അനുസരിച്ച് പകരക്കാരനെ കണ്ടെത്താൻ ആകാത്തതാണ് എഐസിസി നേതൃത്വത്തിന്റ പ്രശ്‍നം. എന്നാൽ അനാരോഗ്യ പരാതി തള്ളുന്ന സുധാകരൻ അനുകൂലികൾ എല്ലാ വിഭാഗങ്ങളും സഹകരിക്കാത്തതാണ് സംഘടനാ പ്രശ്നങ്ങൾക്ക് കാരണം എന്നാണ് കുറ്റപ്പെടുത്തുന്നത്.

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറില്ലെന്ന് കെ സുധാകരൻ ഇന്നലെ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. അനാരോഗ്യം ഉന്നയിച്ച് വെട്ടാനുള്ള പാർട്ടിയിലെ നീക്കങ്ങൾ തള്ളിക്കൊണ്ടായിരുന്നു സുധാകരൻറെ പ്രതികരണം. അനാരോഗ്യ പരാതി തള്ളാൻ കെപിസിസി അധ്യക്ഷൻ്റെ ജിമ്മിലെ വർക്കൗട്ടിൻ്റെ വീഡിയോയും ഫോട്ടോയും കഴിഞ്ഞ ദിവസം അനുനയായികൾ പുറത്തുവിട്ടിരുന്നു. അതേസമയം പ്രസിഡണ്ടായുള്ള പ്രഖ്യാപനം വൈകുന്നതിൽ സുധാകരനും സുധാകരൻ്റെ ശൈലിയിൽ എതിർ വിഭാഗങ്ങൾക്കും അതൃപ്തിയുണ്ട്.

പാർട്ടിയിൽ അന്തിമവാക്കാകേണ്ട പ്രസിഡണ്ട് മിക്ക സമയവും അനാരോഗ്യം കാരണം സജീവമാകുന്നില്ലെന്നാണ് ഉയരുന്ന പരാതി. ഇടക്കുള്ള ചില പ്രസ്താവനകൾ പാർട്ടിയെയും മുന്നണിയെ കടുത്ത വെട്ടിലാക്കുന്നുവെന്നാണ് അടുത്ത പ്രധാന പരാതി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രസിഡൻറിനെതിരായ നീക്കങ്ങൾക്ക് പിന്നിൽ ഗ്രൂപ്പ് ഭേദമില്ലാതെ കൂടുതലുമുള്ളത് എംപിമാരാണ്. കഴിഞ്ഞ ദിവസം ചില എംപിമാർ സുധാകരനെതിരായ വികാരം ഹൈക്കമാൻഡിനെയും അറിയിച്ചിരുന്നു. തലമുറമാറ്റം പറഞ്ഞ് കെ എസിനൊപ്പം കൈകൊടുത്ത് പ്രതിപക്ഷനേതാവായ വി ഡി സതീശനും പ്രസിഡൻറുമായി അകൽച്ചയിലാണ്. പരസ്യമായി തള്ളുന്നില്ലെങ്കിലും നിയമസഭയിൽ സർക്കാറിനെ താൻ വെട്ടിലാക്കുമ്പോഴും സംഘടനാതലത്തിൽ കാര്യമായ പിന്തുണയും പുരോഗതിയും ഇല്ലെന്നാണ് സതീശൻ്റെ അഭിപ്രായം. സുധാകരനെ മാറ്റണമെന്ന് സതീശൻനും ഹൈക്കമാൻഡിനോട് ആവശ്യപ്പട്ടെന്ന സൂചനകളുയർന്നെങ്കിലും ഇക്കാര്യം സതീശൻ പക്ഷെ പരസ്യമായി നിഷേധിക്കുന്നു.

ഉടനുണ്ടാകുമെന്ന് കരുതിയ സുധാകരൻ പ്രസിഡൻറായി തുടരുമെന്ന പ്രഖ്യാപനം ദില്ലിയിൽ നിന്നും വൈകാനുള്ള കാരണവും പരാതികളാണ്. അതേസമയം തൻ്റെ പ്രസിഡൻറ് തീരുമാനം നീളുന്നതിലാണ് ബാക്കി പുനസംഘടനക്ക് കെ സുധാകരനും മുൻകൈ എടുക്കാത്തത്. ജില്ലകളിൽ പ്രത്യേക സമിതികൾ ചേർന്ന് പേരുകൾ നിർദ്ദേശിക്കാൻ തീരുമാനിച്ചെങ്കിലും ഒന്നും നടക്കുന്നില്ല. സംസ്ഥാന സർക്കാർ ഓരോ ദിനവും വലിയ വിവാദങ്ങളിൽ പെടുമ്പോഴും നേതൃനിരയിലെ പ്രശ്നങ്ങളും നിസ്സംഗതയും കാരണം മുതലാക്കാനാകുന്നില്ലെന്ന പൊതുവികാരം ഗ്രൂപ്പുകൾക്കതീതമായി കോൺഗ്രസിലുണ്ട്.

Top