എതിര്‍ത്തോളൂ, എത്ര വേണമെങ്കിലും; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് അമിത് ഷാ

കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ഒതുക്കാനുള്ള ശ്രമങ്ങള്‍ പ്രതിപക്ഷം ഒരു ഭാഗത്ത് സജീവമാക്കുമ്പോള്‍ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന സൂചനയുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയിലും, മറ്റ് ചില സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങള്‍ക്ക് കാരണമായ പൗരത്വ നിയമം നടപ്പിലാക്കാന്‍ ബിജെപി നയിക്കുന്ന സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്നാണ് ഷായുടെ നിലപാട്.

‘പ്രതിപക്ഷത്തോട് എത്ര വേണമെങ്കിലും എതിര്‍ക്കാന്‍ ഞാന്‍ പറയും. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഉറച്ച് തന്നെ നില്‍ക്കും, അവകാശങ്ങള്‍ ലഭിക്കാതെ കിടന്ന ജനങ്ങള്‍ക്ക് ഇത് ലഭ്യമാക്കാന്‍ പൗരത്വം നല്‍കുക തന്നെ ചെയ്യും’, ആഭ്യന്തര മന്ത്രി വ്യക്തമാക്കി. പൗരത്വ ബില്ലിലെ മാറ്റങ്ങള്‍ക്ക് എതിരെ പ്രതിഷേധവുമായി കിഴക്കന്‍ ഡല്‍ഹിയിലെ സീലാംപൂരില്‍ നൂറുകണക്കിന് പേര്‍ അക്രമവുമായി രംഗത്തിറങ്ങിയ സമയത്താണ് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രി ഈ പ്രസ്താവന നടത്തിയത്.

പോലീസിനെതിരെ കുപ്പിയും, കല്ലും എറിഞ്ഞ് പ്രതിഷേധം രേഖപ്പെടുത്തിയവര്‍ക്ക് നേരെ ടിയര്‍ ഗ്യാസ് പ്രയോഗിച്ചാണ് മറുപടി നല്‍കിയത്. അതേസമയം ഇന്ത്യന്‍ പൗരത്വം പാകിസ്ഥാനികള്‍ക്ക് നല്‍കണമോയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികളെ നഗര നക്‌സലുകളാണ് പ്രയോജനപ്പെടുത്തുന്നത്, പ്രധാനമന്ത്രി ആരോപിച്ചു.

പൗരത്വ നിയമം ആരുടെയും പൗരത്വം എടുത്ത് കളയാനുള്ളതല്ലെന്നും ഈ വിഷയത്തില്‍ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അമിത് ഷാ ചൂണ്ടിക്കാണിച്ചു. നെഹ്‌റുലിയാഖത്ത് കരാറില്‍ ഉള്‍പ്പെട്ട ഈ വിഷയം 70 വര്‍ഷക്കാലം വോട്ട് ബാങ്കിനായി കോണ്‍ഗ്രസ് നടപ്പാക്കാന്‍ മടിച്ച വിഷയമാണ്, അദ്ദേഹം പറഞ്ഞു.

Top