മിന്നൽ പരിശോധനയെ ഭയക്കുന്നത് ആരാണ് ? പ്രചരണത്തിനു പിന്നിൽ . . .

ന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധനയെ എതിര്‍ക്കുന്നവര്‍ മുന്‍വിധിയോട് കൂടിയാണ് കാര്യങ്ങളെ വീക്ഷിക്കുന്നത്. അതിനാകട്ടെ രാഷ്ട്രീയപരവും അല്ലാത്തതുമായ നിരവധി കാരണങ്ങളും ഉണ്ട്. ഇവിടെ നാം പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇതു പുതിയ കാലമാണ്. ടെക്‌നോളജിയുടെയും നവമാധ്യമങ്ങളുടെയും ഈ പുതിയ കാലത്ത് അതിനെ കൂടി ഉപയോഗപ്പെടുത്തുന്നതു തന്നെയാണ് സമൂഹത്തിനു ഗുണകരമായി മാറുക. ഇപ്പോള്‍ ഒരു വിഭാഗം വിവാദമാക്കാന്‍ ശ്രമിക്കുന്ന PWD റസ്റ്റ് ഹൗസിലെ പരിശോധനകള്‍ അനിവാര്യം തന്നെയാണ്. അത് മന്ത്രി തന്നെ നേരിട്ടു നടത്തുന്നതിനെ അഭിനന്ദിക്കുകയാണ് നാട് ചെയ്യേണ്ടത്.

കാടു പിടിച്ചു കിടക്കുന്ന കൂറ്റന്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ ചുരുങ്ങിയ ചിലവില്‍ സാധാരണക്കാരന് താമസിക്കാന്‍ ഉത്തരവിടുകയാണ് മന്ത്രി ചെയ്തിട്ടുള്ളത്. സര്‍ക്കാറിനും ഇതുവഴി വലിയ വരുമാനമാണിപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. പൊതു ജനങ്ങള്‍ക്കായി PWD റസ്റ്റ് ഹൗസുകള്‍ തുറന്നു കൊടുക്കാന്‍ ഉത്തരവിട്ട് മാറി നില്‍ക്കുക മാത്രമല്ല, സര്‍ക്കാര്‍ താല്‍പ്പര്യം അവിടെ നടപ്പാക്കപ്പെടുന്നുണ്ടോ എന്നു പരിശോധിക്കേണ്ടതും മന്ത്രിയുടെ ചുമതല തന്നെയാണ്. ഈ ചുമതല ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ച് മാറി നില്‍ക്കാതെ ചിലയിടങ്ങളില്‍ നേരിട്ട് മന്ത്രി തന്നെ പരിശോധന നടത്തിയതും നടപടി സ്വീകരിച്ചതും മറ്റിടങ്ങളില്‍ വീഴ്ചകള്‍ വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള ഒരു മുന്നറിയിപ്പു കൂടിയാണ്. ഏതു നിമിഷവും മന്ത്രി പരിശോധനക്കെത്തുമെന്ന തോന്നല്‍ കൃത്യവിലോപം കാട്ടുന്ന ഉദ്യോഗസ്ഥര്‍ക്കുണ്ടാകുന്നത് നല്ലതു തന്നെയാണ്.

കുടുംബങ്ങള്‍ ഉള്‍പ്പെടെ വന്നു താമസിക്കേണ്ട റസ്റ്റ് ഹൗസുകളില്‍ യാതൊരു കാരണവശാലും മദ്യകുപ്പികള്‍ ഉണ്ടാകാന്‍ പാടില്ല. ആ ബോധം ജീവനക്കാര്‍ക്ക് ഉണ്ടാകാന്‍ മന്ത്രി തന്നെ പറയേണ്ടി വന്നതാണ് കഷ്ടം. റസ്റ്റ് ഹൗസുകളിലെ പരിസരവും കിച്ചണും വൃത്തിയായി സൂക്ഷിക്കേണ്ടതും റസ്റ്റ് ഹൗസിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ കടമയാണ്. അതു അവരായിട്ടു പാലിച്ചില്ലെങ്കില്‍ നടപടിയും അനിവാര്യമാണ്. അതു തന്നെയാണ് മന്ത്രി മുഹമ്മദ് റിയാസും ഇവിടെ സ്വീകരിച്ചിരിക്കുന്നത്. മന്ത്രിയുടെ പ്രഖ്യാപനം കേട്ട് റസ്റ്റ് ഹൗസില്‍ താമസിക്കാന്‍ എത്തുന്നവര്‍ അവിടെ മോശമായ സാഹചര്യം കണ്ടാല്‍ ആദ്യം വിമര്‍ശിക്കുക മന്ത്രിയെ തന്നെ ആയിരിക്കും. ഈ സാഹചര്യം ഒഴിവാക്കാന്‍ കൂടിയാണ് റിയാസ് മിന്നല്‍ പരിശോധനകള്‍ നടത്തിയിരിക്കുന്നത്.

ഈ ഇടപെടലിനെ എതിര്‍ക്കുന്നവരില്‍ കൃത്യവിലോപം ജീവിതത്തിന്റെ ഭാഗമാക്കിയ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ മുതല്‍ ഹോട്ടല്‍ മുതലാളിമാര്‍ വരെ ഉണ്ടെന്നതും നാം തിരിച്ചറിയണം. സംസ്ഥാനത്തെ 153 റസ്റ്റ് ഹൗസുകളിലായി 1153 റൂമുകളാണ് ഉള്ളത്. ഇവിടേക്ക് ജനങ്ങള്‍ കടന്നു വരുമ്പോള്‍ വലിയ തുക ഈടാക്കി റൂമുകള്‍ നല്‍കുന്ന ഹോട്ടലുകള്‍ക്കാണ് അതു തിരിച്ചടിയാകുന്നത്. മന്ത്രി റിയാസ് തുടങ്ങി വച്ച മിന്നല്‍ പരിശോധനകള്‍ മറ്റു മന്ത്രിമാര്‍ അവരുടെ വകുപ്പുകളിലും തുടങ്ങുമോ എന്ന ഭയമാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരെയും നിലവില്‍ ആശങ്കയിലാഴ്ത്തുന്നത്. ഇതൊരു ചെറിയ വിഭാഗം മാത്രമാണ്. സത്യസന്ധരായ ഉദ്യോഗസ്ഥ സമൂഹം പൂര്‍ണ്ണ പിന്തുണയാണ് മന്ത്രിക്ക് ഇതിനകം തന്നെ വാഗ്ദാനം ചെയ്തിരിക്കുന്നത്. അതും നാം കാണാതെ പോകരുത്.

കാലം മാറിയാലും തങ്ങള്‍ മാറില്ലന്ന് വാശി പിടിക്കുന്ന മടിയന്‍മാരുടെ വാദങ്ങള്‍ ചില മാധ്യമങ്ങളും സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗവുമാണിപ്പോള്‍ ഏറ്റുപിടിച്ചിരിക്കുന്നത്. ഇതിന്റെ കാരണം എന്താണ് എന്നത് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും തന്നെ മനസ്സിലാക്കാവുന്നതും ആണ്. വിവാദം വിറ്റ് ജീവിക്കുന്നവരുടെ വാദങ്ങള്‍ അര്‍ഹിച്ച അവജ്ഞ്തയോടെ തളളിക്കളയാന്‍ പൊതു സമൂഹമാണ് തയ്യാറാവേണ്ടത്.

താരതമ്യേന കുറഞ്ഞ നിരക്കില്‍ PWD റസ്റ്റ് ഹൗസുകളില്‍ ജനങ്ങള്‍ക്ക് താമസസൗകര്യം ലഭ്യമാക്കുക മാത്രമല്ല നിലവിലെ റസ്റ്റ് ഹൗസുകളെ നവീകരിക്കാനുള്ള വമ്പന്‍ പദ്ധതിയും തയ്യാറായി കഴിഞ്ഞിട്ടുണ്ട്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 30 റസ്റ്റ് ഹൗസുകളെ നവീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുറികളുടെ നവീകരണം, ആധുനികവല്‍ക്കരണം, ഫര്‍ണ്ണിച്ചര്‍, ഫര്‍ണിഷിഗ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍ എന്നിവയാണ് നവീകരണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തുന്നത്. മികച്ച ഭക്ഷണശാലകളും ഇതോടൊപ്പം ആരംഭിക്കുന്നുണ്ട്.

ശുചിത്വം ഉറപ്പു വരുത്തുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലന്ന നിലപാട് മന്ത്രി തന്നെ ഇതിനകം നേരിട്ട് വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ടോയ്‌ലറ്റ് ഉള്‍പ്പെടെയുളള കംഫര്‍ട്ട് സ്‌റ്റേഷന്‍ നിര്‍മ്മിക്കാനും പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. നല്ല ഫ്രണ്ട് ഓഫീസ് ഉള്‍പ്പെടെയുള്ള സംവിധാനം ഏര്‍പ്പെടുത്തുവാനുള്ള നീക്കങ്ങളും തകൃതിയായാണ് നടക്കുന്നത്. സിസിടിവി സംവിധാനം ഏര്‍പ്പെടുത്തി റസ്റ്റ് ഹൗസ് പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെ നിരീക്ഷിക്കുന്നതോടെ ആക്ഷേപങ്ങള്‍ക്ക് ഇടനല്‍കാത്ത വിധത്തിലുള്ള സേവനങ്ങള്‍ ഉറപ്പുവരുത്താനും പൊതുമരാമത്ത് വകുപ്പിനു കഴിയും.

പൊതു ജനങ്ങള്‍ക്ക് ഒരു പ്രയോജനവും ഇല്ലാതെ കിടന്ന റസ്റ്റ് ഹൗസുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഒരു ‘ശാപമോക്ഷ’മാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അതിനു കാരണക്കാരനായ മന്ത്രി റിയാസിനെ തീര്‍ച്ചയായും അഭിനന്ദിക്കുകയാണ് നാം ചെയ്യേണ്ടത്. അതല്ലാതെ അടിസ്ഥാന രഹിതമായ വാദങ്ങള്‍ നിരത്തുന്നതും പരിഹസിക്കുന്നതും മലര്‍ന്നു കിടന്നു തുപ്പുന്നതിനു തുല്യമാണ്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കുവാനായി മന്ത്രിയും വകുപ്പ് സെക്രട്ടറിയും വകുപ്പിലെ രണ്ട് ഐ എ എസ് ഉദ്യോഗസ്ഥരും ചീഫ് എഞ്ചിനിയര്‍മാരും ഉള്‍പ്പെട്ട പി ഡബ്ല്യു ഡി മിഷന്‍ ടീമിനു തന്നെ മന്ത്രി റിയാസ് ഇപ്പോള്‍ മുന്‍കൈ എടുത്ത് രൂപം നല്‍കിയിട്ടുണ്ട്. ഇതും എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്.

മഴക്കാല പ്രവൃത്തി പൂര്‍ത്തിയാക്കാനും ശക്തമായ ഇടപെടലുകളാണ് നടന്നു വരുന്നത്. ജില്ലകള്‍ തോറും നേരിട്ട് യോഗം വിളിച്ച് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ മന്ത്രി തന്നെയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നു ഉറപ്പ് വരുത്താന്‍ പ്രധാന നഗരങ്ങളില്‍ നേരിട്ട് എത്തിയാണ് റിയാസ് പരിശോധന നടത്തിയിരുന്നത്. ജനങ്ങള്‍ക്ക് ഇത്തരം വിവരങ്ങള്‍ അറിയിക്കാനായി നടത്തിയ റിംഗ് റോഡ് എന്ന ഫോണ്‍ ഇന്‍ പരിപാടിയും വന്‍ വിജയമായിരുന്നു. നിരവധി പരാതികള്‍ക്കാണ് ഇതു വഴി മാത്രം പരിഹാരം ഉണ്ടാക്കിയിരുന്നത്. റോഡുകളുടെ അറ്റകുറ്റപ്പണിക്കു വേണ്ടി മാത്രമായി ഇതുവരെ 119 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

എന്നാല്‍ ഈ തുക പൂര്‍ണ്ണമായും അറ്റകുറ്റപ്പണിക്കായി ചെലവഴിക്കാനായിട്ടില്ല. മഴ തുടരുന്നതിനാല്‍ കാലവര്‍ഷത്തിനു ശേഷമുള്ള അറ്റകുറ്റപ്പണിയിലേക്ക് കാര്യമായി കടക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ വിമര്‍ശിക്കുന്നവര്‍ മഴ നില്‍ക്കാതെ പെയ്യുന്നത് റിയാസ് കാരണമാണെന്നു മാത്രം ഇനി പറഞ്ഞേക്കരുത്. അതേസമയം റോഡ് നിര്‍മ്മാണത്തിനായി ആറു പുതിയ സാങ്കേതിക വിദ്യകള്‍ കൂടി ഉപയോഗിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പൊതുമരാമത്ത് റോഡ്‌സ് വിഭാഗം ചീഫ് എഞ്ചിനിയറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ഈ നിര്‍ണ്ണായക തീരുമാനം എടുത്തിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിലെ റോഡ് നിര്‍മ്മാണത്തില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ ഈ പദ്ധതികള്‍ നടപ്പാക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

അധികാരത്തിലേറി ഏതാനും മാസങ്ങള്‍ മാത്രം പിന്നിട്ട മുഹമ്മദ് റിയാസ് ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ നടത്തിയ ഇടപെടലുകള്‍ ആരെയും വിസ്മയിപ്പിക്കുന്നതാണ്. ടൂറിസം മേഖലയില്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിക്കാന്‍ ഇനിയും നിരവധി ഉദാഹരണങ്ങള്‍ ബാക്കിയാണ്. കേരളം ഏറെ പ്രതീക്ഷയോടെയാണ് ഈ മന്ത്രിയെ നിലവില്‍ നോക്കി കാണുന്നത്. രാഷ്ട്രീയ എതിരാളികള്‍ പോലും അംഗീകരിക്കുന്ന കാര്യമാണത്. ഇതും പരിഹസിക്കുന്ന മനസ്സുകള്‍ മനസ്സിലാക്കുന്നത് നല്ലതായിരിക്കും.

EXPRESS KERALA VIEW

Top