പരസ്യമായി അദാനിയെ എതിര്‍ത്തവര്‍ രഹസ്യമായി സഹായിച്ചു; ചെന്നിത്തല

Ramesh Chennithala

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പോയതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരസ്യമായി അദാനിയെ എതിര്‍ത്ത സര്‍ക്കാര്‍ തന്നെ രഹസ്യമായി അദാനിയെ സഹായിക്കുകയായിരുന്നുവെന്ന് വ്യക്തമായെന്ന് ചെന്നിത്തല പറഞ്ഞു.

ലേലത്തില്‍ പങ്കെടുക്കാനുള്ള ഉപദേശം ആരുടേതാണെന്നും ചെന്നിത്തല ചോദിച്ചു. സര്‍ക്കാരിന്റെ സമിതിയാണ് ടെന്‍ഡറില്ലാതെ അദാനിയുടെ മരുമകളുടെ കമ്പനിയെ തിരഞ്ഞെടുത്തത്. എന്തുകൊണ്ട് സിയാലിനെ കണ്‍സള്‍ട്ടന്റാക്കായില്ലെന്നും ലാഭകരമായി വിമാനത്താവളം നടത്തി പരിചയമുള്ള സിയാലിനെ ഒഴിവാക്കിയത് വളരെ ഗൗരവമുള്ള കാര്യമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഈ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്ന സമയത്ത് ഗുജറാത്തുകാരനും ഗുജറാത്ത് കേഡറിലുള്ള ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ കെ.എസ്.ഐ.ഡിസിയുടെ എംഡിയാക്കി കൊണ്ടുവന്നു. ഞാന്‍ മനസ്സിലാക്കുന്നത് ഈ ലേലത്തിന്റെ സമയത്ത് ഇദ്ദേഹമായിരുന്നു എംഡി. ലേലം കഴിഞ്ഞതോടെ അദ്ദേഹത്തെ ആ ചുമതലയില്‍ നിന്ന് മാറ്റി. ഇത് യാദൃച്ഛികമല്ല. അദാനിയുടെ താത്പര്യം സംരക്ഷിക്കാനല്ലേ ഇത്. നമ്മള്‍ ഉറപ്പിച്ച ലേലത്തുക മനസ്സിലാക്കിയാണ് അദാനി ഉയര്‍ന്ന തുക ലേലത്തില്‍ വച്ചത്. അങ്ങനെയാണ് കേരളത്തിന് ഇത് നഷ്ടപ്പെട്ടത്.

ഈ സര്‍ക്കാരിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും പിണറായി ജനങ്ങളെ വഞ്ചിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Top