ചൈനയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ആര്‍&ഡി സെന്റര്‍ ഇന്ത്യയില്‍ ആരംഭിച്ച് ഓപ്പോ

ചൈനയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ആര്‍&ഡി സെന്റര്‍ ഇന്ത്യയില്‍ ആരംഭിച്ച് ഓപ്പോ. ഹൈദരാബാദിലെ ഹൈടെക് സിറ്റിയിലാണ് ഓപ്പോ ആദ്യത്തെ റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. ക്യാമറ, അതിവേഗ ചാര്‍ജിങ് സാങ്കേതികവിദ്യ, 5 ജി എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാവും ആര്‍&ഡി സെന്ററിലൂടെ ഓപ്പോ ലക്ഷ്യമിടുന്നത്.

ആര്‍&ഡി സെന്ററില്‍ ഡെവലപ്പ്‌മെന്റ് വിഭാഗത്തില്‍ നിലവില്‍ 50 പേരും ഗുണമേന്മാ നിയന്ത്രണ വിഭാഗത്തില്‍ 50 പേരുമാണുള്ളത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 500 ഓളം പേരെയാണ് ഇവിടെ നിയമിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും കമ്പനി പറയുന്നു.

അതേസമയം ഇന്ത്യന്‍ വിപണിയില്‍ പ്രാദേശിക തലത്തില്‍ ആവശ്യമായ ഫീച്ചറുകള്‍ക്കായി പുതിയതായി ആരംഭിച്ചിരിക്കുന്ന ആര്‍ & ഡി സെന്റര്‍ പ്രവര്‍ത്തിക്കുമെന്ന് സെന്റര്‍ മേധാവിയും വൈസ് പ്രസിഡന്റുമായ തസ്ലീം ആരിഫ് വ്യക്തമാക്കി.

ഓപ്പോയുടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആര്‍&ഡി സെന്ററുകളില്‍ 3000 എഞ്ചിനീയര്‍മാര്‍ ജോലി ചെയ്യുന്നുണ്ട്. വരും വര്‍ഷം റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റിന് വേണ്ടി 10000 കോടിയിലധികം രൂപ ചെലവഴിക്കാനാണ് കമ്ബനിയുടെ പദ്ധതി.

Top