ആഗോള ബോക്സ് ഓഫീസില്‍ കോടികൾ നേടി ‘ഓപ്പണ്‍ഹെയ്‍മറും’ ‘ബാര്‍ബി’യും

പ്രീ റിലീസ് ഹൈപ്പ് നേടിയ രണ്ട് ചിത്രങ്ങള്‍ ഒരേ ദിവസം തിയറ്ററുകളിലെത്തുക. ഏത് ചലച്ചിത്ര വ്യവസായത്തെ സംബന്ധിച്ചും പ്രതീക്ഷ പകരുന്ന സാഹചര്യമാണ് അത്. ഹോളിവുഡിനെ സംബന്ധിച്ച് ഇപ്പോഴത്തെ സ്ഥിതി അതാണ്. ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പണ്‍ഹെയ്മറും ​ഗ്രെറ്റ ​ഗെര്‍വി​ഗ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രം ബാര്‍ബിയും ചേര്‍ന്ന് ഹോളിവുഡ് ബോക്സ് ഓഫീസ് നിറയ്ക്കുകയാണ്. യുഎസ് ആഭ്യന്തര ബോക്സ് ഓഫീസ് ഉള്‍പ്പെടെ ഹോളിവുഡ് സിനിമകള്‍ക്ക് റിലീസ് ഉള്ള ബഹുഭൂരിപക്ഷം മാര്‍ക്കറ്റുകളിലും ഓപ്പണ്‍ഹെയ്മറിനേക്കാള്‍ കളക്ഷന്‍ ബാര്‍ബിക്കാണെങ്കില്‍ ഇന്ത്യയടക്കം അപൂര്‍വ്വം സ്ഥലങ്ങളില്‍ നേരെ തിരിച്ചാണ് കാര്യം. ആകെ ചേര്‍ത്താല്‍ 245 മില്യണ്‍ ബജറ്റ് വരുന്ന രണ്ട് ചിത്രങ്ങള്‍ ചേര്‍ന്ന് നിര്‍മ്മാതാക്കള്‍ക്ക് നേടിക്കൊടുത്തത് എത്രയെന്ന് നോക്കാം.

അണുബോംബിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജെ റോബര്‍ട്ട് ഓപ്പണ്‍ഹെയ്മറുടെ ജീവിതം പറയുന്ന ക്രിസ്റ്റഫര്‍ നോളന്‍ ചിത്രത്തിന്റെ ബജറ്റ് 100 മില്യണ്‍ ഡോളര്‍ (827 കോടി രൂപ) ആയിരുന്നു. ബാര്‍ബിയുടേത് 145 മില്യണും (1199 കോടി രൂപ). യുഎസും ഇന്ത്യയും അടക്കം ഭൂരിഭാ​ഗം അന്തര്‍ദേശീയ മാര്‍ക്കറ്റുകളിലും ചിത്രം റിലീസ് ചെയ്തത് ഒരേ ദിവസമായിരുന്നു. ജൂലൈ 21 വെള്ളിയാഴ്ച. ആദ്യ വാരാന്ത്യത്തില്‍ ബാര്‍ബി യുഎസില്‍ നിന്ന് മാത്രം നേടിയത് 162 മില്യണ്‍ ഡോളര്‍ ആയിരുന്നു. മറ്റ് മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണം നേടിയ ചിത്രം ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് വാരിയത് 780 മില്യണ്‍ ഡോളര്‍ ആണ്. അതായത് 6453 കോടി രൂപ! വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ബാര്‍ബി 1 ബില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ല് പിന്നിടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

ഓപ്പണ്‍ഹെയ്മറിന്റെ കാര്യമെടുത്താല്‍ യുഎസില്‍ നിന്ന് നേടിയ ആദ്യ വാരാന്ത്യ കളക്ഷന്‍ 82.5 മില്യണ്‍ ഡോളര്‍ ആയിരുന്നു. ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 400 മില്യണ്‍ ഡോളര്‍ പിന്നിട്ടിട്ടുണ്ട് ചിത്രം. അതായത് 3309 കോടി രൂപ! ഇരു ചിത്രങ്ങളും ചേര്‍ന്ന് ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയ കണക്കുകള്‍ ചേര്‍ത്താല്‍ അത് 9762 കോടി രൂപ വരും!

Top