Opinion surveys supperted CPM; UDF In confidence

തിരുവനന്തപുരം: കാടിളക്കിയ പ്രചരണ സമാപനത്തിനൊടുവില്‍ കണക്ക് കൂട്ടലുകളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍.

വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ ആത്മവിശ്വാസത്തോടെയാണ് നിശബ്ദ പ്രചരണത്തിനായി ഇടത് മുന്നണി പ്രവര്‍ത്തകര്‍ ഇറങ്ങുന്നത്.

ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ അഭിപ്രായ സര്‍വ്വേകളില്‍ പോലും തകര്‍പ്പന്‍ ഭൂരിപക്ഷത്തോടെ ഇടത്പക്ഷം അധികാരത്തില്‍ വരുമെന്ന കണക്കുക്കള്‍ പുറത്തുവന്നത് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണ്.

വിഎസും പിണറായിയും കോടിയേരിയും ചേര്‍ന്ന് നയിച്ച കാമ്പയിന്‍ വലിയ തരംഗം സൃഷ്ടിച്ചതായാണ് വിലയിരുത്തല്‍.

ചുരുങ്ങിയത് 80 സീറ്റ് മുതല്‍ 100 സീറ്റ് വരെ ഇടത്പക്ഷത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ.

ബിജെപിക്ക് സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാന്‍ വെള്ളാപ്പള്ളി നടേശനെ ഇടനിലക്കാരനാക്കി മുഖ്യമന്ത്രി ശ്രമിക്കുകയാണെന്ന ആരോപണം ക്ലിക്കായാതായാണ് സിപിഎം കരുതുന്നത്.
സൊമാലിയന്‍ വിവാദം ഉയര്‍ത്തിപിടിച്ച് പ്രധാനമന്ത്രിക്കെതിരെ രംഗത്ത് വരാന്‍ മുഖ്യമന്ത്രിയെ നിര്‍ബന്ധിതമാക്കിയതും ഇടത്പക്ഷത്തിന്റെ ആക്രമണം കുറിക്ക് കൊണ്ടത് കൊണ്ടാണെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇതൊന്നും വിലപ്പോവില്ലെന്നും യുഡിഎഫ്ബിജെപിവെള്ളാപ്പള്ളി രഹസ്യധാരണക്കെതിരെയായിരിക്കും വിധിയെഴുത്തെന്നാണ് ഇടത് നേതാക്കളുടെ പക്ഷം.

യുഡിഎഫ് ആവട്ടെ കോ-ലീ-ബി സഖ്യമെന്ന ഇടതുപക്ഷത്തിന്റെ ആരോപണത്തെ അവസാനഘട്ടത്തില്‍ വീണ്കിട്ടിയ ‘സൊമാലിയന്‍’ വിവാദത്തിലൂടെ പ്രതിരോധിക്കുവാന്‍ കഴിഞ്ഞെന്നാണ് അവകാശപ്പെടുന്നത്.മലബാറില്‍ മുസ്ലീംലീഗും മധ്യകേരളത്തില്‍ കേരള കോണ്‍ഗ്രസും മെച്ചപ്പെട്ട പ്രകടനം നടത്തുമെന്നാണ് കണക്ക് കൂട്ടല്‍.ഇടത്പക്ഷത്തിന്റെ ഉറച്ച സീറ്റുകളില്‍ പോലും ഇത്തവണ അട്ടിമറി നേടാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

ആത്മവിശ്വാസത്തില്‍ ബിജെപി മുന്നണിയും ഒട്ടും പിന്നിലല്ല.തിരുവനന്തപുരം, പാലക്കാട്, കാസര്‍കോഡ്, ആലപ്പുഴ ജില്ലകളില്‍ അത്ഭുതം സൃഷ്ടിക്കുമെന്നും നിയമസഭയില്‍ അക്കൗണ്ട് തുറക്കുമെന്നുമാണ് അവകാശവാദം.

വോട്ട് ശതമാനത്തിന്റെ കാര്യത്തില്‍ ഇരുമുന്നണികളെയും ഞെട്ടിക്കുന്ന മുന്നേറ്റം നടത്തുമെന്നാണ് ബിജെപി നേതാക്കളുടെ അവകാശവാദം.

പ്രധാനമന്ത്രി അടക്കമുള്ള നേതാക്കളുടെ ശക്തമായ പ്രചരണവും ബിഡിജെഎസിന്റെ കൂട്ട്‌കെട്ടിലുമാണ് കാവിപ്പടയുടെ ആത്മവിശ്വാസം.

Top