ഉഡാൻ പദ്ധതി;പുതുതായി 1000 വ്യോമയാന റൂട്ടുകൾ ആരംഭിക്കാൻ കേന്ദ്ര നീക്കം

ഡൽഹി: ഉഡാൻ പദ്ധതി പ്രകാരം കുറഞ്ഞത് 1000 വ്യോമയാന റൂട്ടുകളെങ്കിലും പുതിയതായി ആരംഭിക്കാൻ കേന്ദ്ര നീക്കം. ഉപ​യോ​ഗിക്കാതെ കിടക്കുന്നതോ പരിമിതിക്കുള്ളിൽ നിന്ന് ഉപയോഗിക്കുന്നതോ ആയ 100 വിമാനത്താവളങ്ങളെ നവീകരിക്കാനും മന്ത്രാലയം ലക്ഷ്യമിട്ടിട്ടുണ്ടെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹാർദീപ് സിംഗ് പുരി പറഞ്ഞു.

വ്യോമയാന രംഗത്ത് സ്വകാര്യവൽക്കരണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനത്താവളങ്ങളുടെ പുനരുദ്ധാരണം സ്വകാര്യ മേഖലയുടെ സഹകരണത്തോ‌ടെ നിർവഹിക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്.

വ്യോമയാന മന്ത്രാലത്തിന്റെ പ്രാദേശിക കണക്റ്റിവിറ്റി പദ്ധതി പ്രകാരം മാർച്ച് ഒന്നിന് ഛത്തീസ്ഗഡിലെ ബിലാസ്പൂർ പട്ടണത്തിൽ നിന്നുള്ള ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കും. നിലവിൽ എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ അലയൻസ് എയറിന് ബിലാസ്പൂർ- പ്രയാഗ്‍രാജ്-ദില്ലി റൂട്ട് മന്ത്രാലയം കൈമാറിയിട്ടുണ്ട്.

“അമ്പത്തിയാറ് വിമാനത്താവളങ്ങൾ ഇതിനകം നവീകരിച്ചു, 700 ലധികം റൂട്ടുകൾ അനുവദിച്ചു, അതിൽ ഉഡാൻ പദ്ധതി പ്രകാരം 311 റൂട്ടുകളിൽ വ്യോമസേവനം ആരംഭിച്ചു, 2017 ൽ ലഭിച്ച 4,500 കോടി രൂപ ബജറ്റ് വിഹിതത്തിൽ നിന്നാണ് ഈ പ്രവർത്തങ്ങൾ നടന്നുവരുന്നത്,” പുരി പറഞ്ഞു.

Top