തെലങ്കാനയിലെ ‘ഓപ്പറേഷൻ താമര’; വീ‍ഡിയോ തെളിവടക്കം പുറത്ത് വിട്ട് കെസിആ‍ര്‍

ഹൈദരാബാദ് : തെലങ്കാനയിൽ ബിജെപിക്കെതിരെ ‘ഓപ്പറേഷൻ താമര’ ആരോപണം ആവ‍‍ര്‍ത്തിച്ച് മുഖ്യമന്ത്രി കെ ചന്ദ്രശേഖ‍ര്‍ റാവു. എംഎൽഎമാരെ പണം നൽകി ചാക്കിലാക്കാൻ ബിജെപി നടത്തിയ ശ്രമത്തിന്റെ വീഡിയോ, കോൾ റെക്കോര്‍ഡിംഗ് തെളിവുകളടക്കം പുറത്ത് വിട്ടാണ് കെസിആ‍ര്‍ ‘ഓപ്പറേഷൻ താമര’ ആരോപണം ആവ‍ര്‍ത്തിച്ചത്. മാധ്യമങ്ങൾക്ക് മുന്നിൽ കൈക്കൂപ്പിയ കെസിആ‍ര്‍, രാജ്യത്തെ രക്ഷിക്കൂവെന്ന് സുപ്രീംകോടതിയോടും മാധ്യമങ്ങളോടും അഭ്യർത്ഥിച്ചു.

ഹൈദരാബാദിൽ പ്രത്യേക വാർത്താസമ്മേളനം വിളിച്ച കെസിആ‍ര്‍, ബിജെപി ഏജന്റുമാരുടെ ഇടപെടൽ വ്യക്തമാക്കുന്ന വീഡിയോ തെളിവുകളും ഫോൺ രേഖകളും മാധ്യമങ്ങൾക്ക് കൈമാറി. എജന്റുമാർ എംഎൽഎമാരോട് സംസാരിച്ച ശേഷം, ബിജെപി നേതാക്കളുമായി ബന്ധപ്പെട്ടതിന്റെയും തെളിവുകളുമുണ്ടെന്ന് കെസിആ‍ര്‍ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും വിവിധ പാർട്ടി അധ്യക്ഷൻമാർക്കും ഈ തെളിവുകൾ അയച്ചുനൽകുമെന്ന് കെസിആ‍ര്‍ അറിയിച്ചു. ബിജെപി എന്താണ് ചെയ്യുന്നതെന്നും എങ്ങനെയാണ് ഭരണം പിടിക്കുന്നതെന്നും രാജ്യം അറിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തെലങ്കാനയില്‍ ടിആര്‍എസ് സര്‍ക്കാരിനെ അട്ടിമറിക്കാൻ എംഎല്‍എമാരെവിലയ്ക്ക് എടുക്കാന്‍ ബിജെപി ശ്രമിച്ചെന്നാണ് കെസിആര്‍ ആരോപണം. ഇതുമായി ബന്ധപ്പെട്ട് കോടികളുമായി മൂന്ന് പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Top