നവമാധ്യമങ്ങള്‍ വഴി കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചു; 14 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: നവമാധ്യമങ്ങള്‍ വഴി കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പരസ്പരം പങ്കുവയ്ക്കുന്നവരാണ് പിടിയിലായത്. ഇന്റര്‍പോളിന്റെ സഹായത്തോടെ പൊലീസ് നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടിലാണ് അറസ്റ്റ്. 448 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. അഞ്ചിനും 16 വയസ്സിനും ഇടയിലുള്ള കുട്ടികളുടെ ചിത്രങ്ങളാണ് പ്രതികള്‍ പങ്കുവയ്ക്കുന്നതെന്ന് പൊലീസ് പറയുന്നു. നവമാധ്യമങ്ങളില്‍ ഗ്രൂപ്പുകളുണ്ടാക്കിയാണ് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്. പണം നല്‍കിയും ചിത്രങ്ങള്‍ വാങ്ങുന്നവരുണ്ടെന്ന് പൊലീസ് പറയുന്നു. 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 267 തൊണ്ടിമുതലുകള്‍ പിടിച്ചെടുത്തു.

പൊലീസ് പരിശോധനയ്ക്ക് എത്തുമ്പോള്‍ ചിലര്‍ മൊബൈലില്‍ നിന്നും ദൃശ്യങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ സിആര്‍പിസി 102 പ്രകാരം കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്തിട്ടില്ല. മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് പരിശോധന റിപ്പോര്‍ട്ട് വന്നതിന് ശേഷം ചിത്രങ്ങള്‍ നശിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമായാല്‍ ഇവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കും. സംസ്ഥാനത്ത് ഇത് പതിനൊന്നാമത്തെ പ്രാവശ്യമാണ് ഓപ്പറേഷന്‍ പി ഹണ്ട് വഴിയുള്ള റെയ്ഡ്. ഇതേ വരെ 300 പേരെയാണ് പിടികൂടിയിട്ടുള്ളത്. 1296 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിക്കാനുപോയഗിച്ച മൊബൈലിന്റെയും ലാപ്‌ടോപ്പിന്റെയും ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ വരുന്നമുറയ്ക്ക് കുറ്റപത്രങ്ങള്‍ നല്‍കിവരുകയാണെന്നും എഡിജിപി മനോജ് എബ്രഹാം പറയുന്നു. കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചാല്‍ അഞ്ചുവര്‍ഷം തടവും 10 ലക്ഷവരെ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണെന്നും പൊലീസ് പറഞ്ഞു.

 

Top