ഓപ്പറേഷന്‍ പി ഹണ്ട്; കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച 11 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 11 പേര്‍ അറസ്റ്റില്‍. ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ നടത്തിയ മൂന്നാംഘട്ട റെയ്ഡിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. വാട്‌സ് ആപ്പ്, ടെലഗ്രാം എന്നിവയിലൂടെയാണ് കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ ഇവര്‍ പ്രചരിപ്പിച്ചത്. 20 കേസുകളിലായാണ് അറസ്റ്റ്.

ശനിയാഴ്ച രാവിലെ മുതല്‍ രാത്രി വരെയാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിയത്. ഏഴ് ജില്ലകളിലായി നടത്തിയ റെയ്ഡിലാണ് 11 പേരെ അറസ്റ്റ്‌ചെയ്തത്. അറസ്റ്റിലായവരില്‍ നിന്ന് ലാപ്‌ടോപ്പും മൊബൈലുകളും ഉള്‍പ്പെടെ 28 ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം.

ആലംബം, അധോലകം,നീലകുറിഞ്ഞി എന്നീ ഗ്രൂപ്പുകള്‍ വഴിയാണ് കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടന്ന് റെയ്ഡില്‍ ഒരു വര്‍ഷത്തിനിടെ 37 പേരാണ് അറസ്റ്റിലായത്. ടെലഗ്രാമിലെ ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് മാഫിയ സജീവമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചും അന്വേഷണംതുടരുകയാണ് .

പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നതു തടയുന്നതിനായാണ് സൈബര്‍ഡോം ഓപ്പറേഷന്‍ പി ഹണ്ട് ആരംഭിച്ചത്. ഓപ്പറേഷന്റെ ഭാഗമായി ഈ വര്‍ഷം ആദ്യം നടന്ന റെയ്ഡിലും 12 പേര്‍ പിടിയിലായിരുന്നു. സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷന്‍ പി ഹണ്ടി’ന്റെ പരിശോധന തുടരുകയാണ്.

Top