രണ്ടര വര്‍ഷമായി പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തുന്നു; 28 കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടര വര്‍ഷമായി പാകിസ്ഥാന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 28 കാരന്‍ അറസ്റ്റിലായി. മിലിട്ടറി എന്‍ജിനിയറിങ് സര്‍വീസ് (എംഇഎസ്) ജീവനക്കാരനായ മഹേഷ് കുമാര്‍ എന്നയാളെയാണ് ഹരിയാനയിലെ റെവാരിയില്‍നിന്ന് മിലിട്ടറി ഇന്റലിജന്‍സും ഹരിയാണ പോലീസിന്റെ പ്രത്യേക ദൗത്യസംഘവും ചേര്‍ന്ന് അറസ്റ്റുചെയ്തത്.സാമൂഹ്യ മാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ചശേഷം ഹണിട്രാപ്പില്‍ കുടുക്കിയാണ് പാകിസ്താനില്‍ ഉള്ളവര്‍ ഇയാളില്‍നിന്ന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്.

പാകിസ്താനിലുള്ള സ്ത്രീയെ ഇയാള്‍ ‘മാഡം ജി’ എന്നാണ് വിളിച്ചിരുന്നത്. ഇതേപ്പറ്റി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ‘ഓപ്പറേഷന്‍ മാഡം ജി’ എന്നപേരില്‍ മിലിട്ടറി ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ കുടുങ്ങിയത്. പാക് രഹസ്യാന്വേഷണ ഏജന്‍സികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മൂന്നുപേരുമായി ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

രണ്ടര വര്‍ഷമായി ഇയാള്‍ പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്നും ഇതിന് പ്രതിഫലമായി പലതവണ പണം വാങ്ങിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. രാജസ്ഥാനിലെ ജയ്പൂരില്‍ ജോലിചെയ്യുന്ന ഒരു എംഇഎസ് ജീവനക്കാരന്‍ പാകിസ്താന് വിവരങ്ങള്‍ കൈമാറുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മിലിട്ടറി ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലായത്.

ജയ്പുര്‍ കേന്ദ്രമായിട്ടുള്ള സൈനിക ബ്രിഗേഡിന്റെ വിവരങ്ങളും പല മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വിവരങ്ങളും പാകിസ്താന് കൈമാറിയതായി ഇയാള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. മിലിട്ടറി എന്‍ജിനിയറിങ് സര്‍വീസസ് ഓഫീസിലെത്തുന്ന പല ഉദ്യോഗസ്ഥരോടും സംസാരിക്കുകയും അതിലൂടെ അറിയാന്‍ കഴിഞ്ഞ വിവരങ്ങള്‍ പാകിസ്താന് കൈമാറുകും ചെയ്തുവെന്നും ഇയാള്‍ പറയുന്നു.
ശുചീകരണ ജീവനക്കാരനായാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പല കത്തുകളുടെയും രേഖകളുടെയും ചിത്രങ്ങള്‍ ഇയാളുടെ ഫോണില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഇയാളുടെ ഫോണ്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു.

Top