മഹാരാഷ്ട്രയിൽ വീണ്ടും ഓപ്പറേഷൻ താമര, പ്രതിപക്ഷത്തെ പിളർത്തി നേട്ടം കെയ്യാൻ ബി.ജെ.പി !

രാജ്യത്തെ പ്രതിപക്ഷ പാർട്ടികളിൽ ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത പാർട്ടിയായാണ് എൻസിപി എന്ന രാഷ്ട്രീപാർട്ടി വിലയിരുത്തപ്പെടുന്നത്. രാഷ്ട്രീയ നയങ്ങളിൽ ഉറപ്പുള്ള ഒരു നിലപാടും ആ പാർട്ടിക്ക് ഇന്നില്ല. മുൻപും ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. എപ്പോൾ വേണമെങ്കിലും എവിടേക്കു വേണമെങ്കിലും പവാറിന്റെ ഈ പാർട്ടി ചാടും. കേരളത്തിൽ ഇടതുപക്ഷ മുന്നണിയിൽ തുടരുന്ന എൻ.സി.പി നാഗാലാന്റിൽ ബി.ജെ.പി – എൻ.ഡി.പി.പി സർക്കാറിനെയാണ് പിന്തുണച്ചിരിക്കുന്നത്. ഈ ഒറ്റ കാരണം കൊണ്ട് കേരള മന്ത്രിസഭയിലെ എൻ.സി.പി അംഗത്തെ ഇടതുപക്ഷം പുറത്താക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉൾപ്പെടെ കരുതിയിരുന്നതെങ്കിലും ദൗർഭാഗ്യകരമെന്ന് പറയട്ടെ അത് ഇതുവരെ സംഭവിച്ചിട്ടില്ല. സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന സി.പി.എം നേതൃത്വം ഇക്കാര്യത്തിൽ എൻ.സി.പിയോട് വിട്ടുവീഴ്ച ചെയ്തത് സി.പി.എം പ്രവർത്തകർക്ക് പോലും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.

ഇനി കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എച്ച്.ഡി കുമാരസ്വാമിയുടെ ജനതാദൾ എസ് ബി.ജെ.പി പാളയത്തിൽ എത്തിയാലും അവരെ മുന്നണിയിൽ നിന്നും പുറത്താക്കാൻ കേരളത്തിലെ ഇടതുപക്ഷ നേതൃത്വത്തിനു കഴിയുകയില്ല. നാഗാലാന്റിൽ ഒരു നിലപാടും കർണ്ണാടകയുടെ കാര്യത്തിൽ മറ്റൊരു നിലപാടും സ്വീകരിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാകും. ഇടതുപക്ഷ നേതൃത്വം വിളിച്ചു വരുത്തുന്ന പ്രതിസന്ധിയാണിത്. കേരള രാഷ്ട്രീയത്തിൽ സ്വന്തമായി ഒരു നിയമസഭാ മണ്ഡലത്തിൽ പോലും വിജയിക്കാൻ ശേഷിയില്ലാത്ത പാർട്ടികളാണ് എൻ.സി.പിയും ജനതാദൾ എസും എന്നിട്ടും ഈ പാർട്ടികളെ കമ്യൂണിസ്റ്റു പാർട്ടികൾ ചുമക്കുന്നത് എന്തു കൊണ്ടാണ് എന്നതിന് ബോധ്യപ്പെടുന്ന ഒരു മറുപടിയും ഇതുവരെ സ്വന്തം അണികൾക്കു പോലും സി.പി.എം നേതൃത്വം നൽകിയിട്ടില്ല. വിട്ടു വീഴ്ചക്കും ഒരു പരിധിയൊക്കെ വേണമെന്നത് കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വങ്ങൾ ഓർക്കുന്നത് നല്ലതാണ്.

ഇടതുപക്ഷത്തിരുന്ന് വലതുപക്ഷ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് എൻ.സി.പി. സി.പി.എം ഏറ്റവും കൂടുതൽ കടന്നാക്രമിക്കുന്ന അദാനിയെ പോലും ‘വെള്ളപൂശിയാണ്’ പരസ്യമായി ശരദ് പവാർ രംഗത്ത് വന്നിരിക്കുന്നത്. ശരദ് പവാറിന്റെ ഈ ‘പവർ’ പൊളിറ്റിക്സ് ഒരിക്കലും കമ്യൂണിസ്റ്റുകൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതല്ല. മോദിയും അമിത് ഷായും ഒന്നു കണ്ണുരുട്ടിയാൽ പേടിക്കുന്ന പൊളിറ്റിക്സ് ആണിത്.

ബി.ജെ.പിക്കെതിരായ പ്രതിപക്ഷ സഖ്യശ്രമത്തെ ആരംഭത്തിൽ തന്നെ പൊളിച്ചു കളയാനാണ് ബി.ജെ.പി. ശ്രമിച്ചിരിക്കുന്നത്. അതിന് അവർക്ക് എൻ.സി.പിയും ഒരു ആയുധമാണ്. ഏറ്റവും ഒടുവിൽ ഇപ്പോൾ മഹാരാഷ്ട്രയിൽ നിന്നും വരുന്ന വാർത്തയും പ്രതിപക്ഷത്തിന് ഗുണകരമായതല്ല. ശരദ്പവാറിന്റെ അടുത്ത ബന്ധുവും മുതിർന്ന എൻ.സി.പി നേതാവുമായ അജിത് പവാർ ബിജെപിക്കൊപ്പം ചേർന്നേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ മഹാരാഷ്ട്രയില്‍ രണ്ടു പ്രധാന രാഷ്ട്രീയ സംഭവവികാസങ്ങള്‍ പ്രതീക്ഷിക്കാമെന്ന് വഞ്ചിത് ബഹുജന്‍ അഘാഡി നേതാവ് പ്രകാശ് അംബേദ്കര്‍ പറഞ്ഞതിനു പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്ക് പകരമായി അജിത് പവാര്‍ മുഖ്യമന്ത്രിയാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

അജിത് പവാറിനെ കേന്ദ്രീകരിച്ച് ബിജെപി അത്തരമൊരു നീക്കം നടത്തിയതായി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്തും സ്ഥിരീകരിച്ചിട്ടുണ്ട്. ‘എൻസിപി ബിജെപിയുമായി സഖ്യമുണ്ടാക്കില്ല. എന്നാൽ കുടുംബത്തില്‍ നിന്ന് ആരെങ്കിലും മറിച്ചൊരു ആഗ്രഹത്തിന് മുതിര്‍ന്നിട്ടുണ്ടെങ്കില്‍ അത് പാർട്ടിയുടെ തീരുമാനമായിരിക്കില്ല” എന്നു എൻസിപി അധ്യക്ഷൻ ശരദ് പവാർ ഏപ്രിൽ 11ന് ഉദ്ധവിനോട് പറഞ്ഞതായും സഞ്ജയ് റാവുത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുംബൈ സന്ദർശനത്തിനു പിന്നാലെയാണ് മഹാരാഷ്ട്രയെ പിടിച്ചു കുലുക്കുന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുന്നത്. മുൻപ് എൻ.സി.പി വിട്ട് ബി ജെ പിയുമായി ചേർന്ന് സഖ്യയുണ്ടാക്കിയ ചരിത്രം അജിത് പവാറിന് ഉള്ളതിനാൽ ഒരു സാധ്യതയും തള്ളിക്കളയാൻ കഴിയുന്നതല്ല. അന്ന് ശരദ് പവാർ അറിയാതെയാണ് അജിത് പവാർ ചേരി മാറിയതെങ്കിൽ ഇത്തവണ സാക്ഷാൽ ശരദ് പവാറിന്റെ അനുമതിയോടെയാണ് പിൻഗാമിയുടെ നീക്കമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സർക്കാരിനെ താഴെയിറക്കാൻ മത്സരിച്ച 16 എംഎൽഎമാരെ അയോഗ്യരാക്കിയതുമായി ബന്ധപ്പെട്ട ഹർജിയിൽ സുപ്രീം കോടതി വിധി പ്രഖ്യാപിക്കാനിരിക്കെയാണ് തിരക്കിട്ട നീക്കങ്ങൾ മഹാരാഷ്ട്രയിൽ അരങ്ങേറുന്നത്. 16 വിമത ശിവസേന എംഎൽഎമാരുടെ അയോഗ്യതയ്‌ക്ക് അനുകൂലമായി സുപ്രീം കോടതിയുടെ വിധി വന്നാൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി എംഎൽഎമാരിൽ ഒരു വിഭാഗം ബി.ജെ.പി മുന്നണി സർക്കാറിനെ സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന റിപ്പോർട്ടുകളെ സാധൂകരിക്കുന്ന നീക്കങ്ങളാണിത്.

തങ്ങൾക്കൊപ്പമുള്ള ശിവസേന വിഭാഗത്തിന് ജനസ്വാധിനം കുറവായതിനാൽ എൻ.സി.പിയെ കൂടി മുന്നണിയിൽ എത്തിക്കുക എന്നതും ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയാണ്. ലോകസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ മഹാരാഷ്ട്രയിൽ ഉയരാൻ സാധ്യതയുള്ള പ്രതിപക്ഷ സഖ്യത്തെ ‘മുളയിലെ നുള്ളുക’ തന്നെയാണ് കാവിപ്പടയുടെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കാണ് ബി.ജെ.പി ഇപ്പോൾ നടന്നടുക്കുന്നത്. അത് സംഭവിക്കുന്നതോടെ അവസരവാദ രാഷ്ട്രീയത്തിന്റെ വിളനിലമായി വീണ്ടും രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനം മാറും. വല്ലാത്ത ഒരു അവസ്ഥ തന്നെയാണത്. അതെന്തായാലും…. പറയാതെ വയ്യ . . .

EXPRESS KERALA VIEW

Top