ഓപ്പറേഷന്‍ കാവേരി; നാവികസേനയുടെ മൂന്നാം കപ്പല്‍ ഐ.എൻ.എസ് ടര്‍കഷ് സുഡാനിൽ

സുഡാന്‍: ആഭ്യന്തര യുദ്ധം തുടരുന്ന സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷപെടുത്താനുള്ള നാവികസേനയുടെ മൂന്നാം കപ്പല്‍ ഐ.എൻ.എസ് ടര്‍കഷ് സുഡാനിലെത്തി. ഓപ്പറേഷന്‍ കാവേരി രക്ഷാ ദൗത്യത്തിന്റെ ഭാഗമായി മൂന്നാം കപ്പല്‍ സുഡാനിലെത്തിയതായി വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്രയാണ് അറിയിച്ചത്.

നിലവില്‍ 3500 ഇന്ത്യക്കാർ സുഡാനിലുണ്ടെന്നും ഇവരിൽ പലരുമായും ആശയവിനിമയം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. സുഡാനില്‍ നിന്ന് ഇതുവരെ 960ലേറെ ഇന്ത്യക്കാരെയാണ് പുറത്തെത്തിച്ചത്.

സുഡാനില്‍ നിന്നുള്ള ആദ്യ ഇന്ത്യൻ സംഘം ബുധനാഴ്ച രാത്രിയോടെയാണ് ഡൽഹിയിലെത്തിയത്. 19 മലയാളികളടക്കം 367 പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇതിലുണ്ടായിരുന്ന മലയാളികളുടെ ആദ്യ സംഘം വ്യാഴാഴ്ച രാവിലെ കേരളത്തിലെത്തി. എറണാകുളം, ഇടുക്കി സ്വദേശികളായ ആറ് പേരാണ് ഒമ്പതരയോടെ നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയത്.

കേന്ദ്രമന്ത്രി വി. മുരളീധരൻ നേതൃത്വം നൽകുന്ന ഉന്നതതല ദൗത്യസംഘം ജിദ്ദയിൽ തുടരുകയാണ്. നാവികസേനയുടെ യുദ്ധക്കപ്പലുകളും വ്യോമസേനയുടെ മൂന്ന് വിമാനങ്ങളുമാണ് രക്ഷാദൗത്യത്തിന്റെ ഭാഗമാകുന്നത്.

Top