‘ഓപ്പറേഷന്‍ ജാവ’ ഹിന്ദിയിലേക്ക്

കൊവിഡ് പ്രതിസന്ധിക്കിടയിലും തിയറ്ററുകളില്‍ രണ്ട് മാസത്തില്‍ കൂടുതല്‍ വിജയം കൊയ്യുകയും പ്രേക്ഷകപ്രീതി നേടുകയും ചെയ്ത മലയാളചിത്രം ഓപ്പറേഷന്‍ ജാവ ഹിന്ദി റീമേക്കിനൊരുങ്ങുന്നു. സിനിമയുടെ റീമേക്ക് അവകാശം വിറ്റുവെന്നും ഹിന്ദിയില്‍ സിനിമ ഒരുങ്ങുന്നുവെന്നും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

എന്നാല്‍, ഹിന്ദിയിലെ അണിയറപ്രവര്‍ത്തകരെയോ അഭിനേതാക്കളേയോ കുറിച്ച് സംവിധായകന്‍ വ്യക്തമാക്കിയിട്ടില്ല. അവതരണത്തിലും പ്രമേയത്തിലും കഥാപാത്രങ്ങളിലും മികവ് പുലര്‍ത്തി മുന്‍നിര താരങ്ങളില്ലാതെ തിയറ്ററുകളില്‍ 75 ദിവസം നിറഞ്ഞോടിയ ചിത്രമാണ് ഓപ്പറേഷന്‍ ജാവ.

ബാലു വര്‍ഗീസും ലുക്മാനും പ്രധാന താരങ്ങളായ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, വിനായകന്‍, വിനീത കോശി, ഇര്‍ഷാദ്, ബിനു പപ്പു, അലക്സാണ്ടര്‍ പ്രശാന്ത് തുടങ്ങിയവരും നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഓണ്‍ലൈന്‍ പണം തട്ടിപ്പും സിനിമ പൈറസിയും ഹണി ട്രാപ്പും പോലുള്ള സൈബര്‍ കുറ്റകൃത്യങ്ങളിലേക്ക് ക്യാമറ ചലിപ്പിച്ചത് ഛായാഗ്രഹകന്‍ ഫായിസ് സിദ്ദിഖാണ്.

കാലികപ്രസക്തിയുള്ള വിഷയങ്ങളെ സൂഷ്മതയോടെയും കൃത്യതയോടെയും അവതരിപ്പിച്ച് സാങ്കേതിക മികവ് പുലര്‍ത്തിയ ഓപ്പറേഷന്‍ ജാവയുടെ എഡിറ്റര്‍ നിഷാദ് യൂസഫാണ്. ജേക്‌സ് ബിജോയ് ആയിരുന്നു സംഗീതം ഒരുക്കിയത്.

 

 

Top