ഓപ്പറേഷന്‍ ഗംഗ: യുക്രൈനില്‍ നിന്ന് അഞ്ചാമത്തെ വിമാനം ഡല്‍ഹിയിലെത്തി

ഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള അഞ്ചാമത്തെ രക്ഷാദൗത്യ വിമാനം ഡല്‍ഹിയിലെത്തി. റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നുള്ള വിമാനത്തില്‍ 249 പേരാണ് എത്തിയത്. ഇതോടെ യുക്രൈനില്‍ നിന്നും ഓപറേഷന്‍ ഗംഗ എന്ന രക്ഷാദൗത്യത്തിന്റെ ഭാഗമായി നാട്ടില്‍ മടങ്ങിയെത്തിയവരുടെ എണ്ണം 1156 ആയി.

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഓപ്പറേഷന്‍ ഗംഗ ഇന്നും തുടരും. ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ കേന്ദ്രം കൂടുതല്‍ ലോകരാജ്യങ്ങളുടെ സഹകരണം തേടിയിട്ടുണ്ട്. യുക്രൈന്റെ ഹംഗറി, പോളണ്ട്, സ്ലോവാക്യ, റൊമാനിയ അതിര്‍ത്തികളിലൂടെ കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമം. ഇതിനു പുറമേ മോള്‍ഡോവ വഴിയും സംഘമെത്തും.

ഇന്ത്യക്കാരെ വളരെ വേഗത്തില്‍ തിരിച്ചെത്തിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഇന്നുമുതല്‍ അഞ്ച് രാജ്യങ്ങള്‍ വഴി രക്ഷാദൗത്യം ഊര്‍ജിതമാക്കാനാണ് തീരുമാനം.

 

Top