ഓപ്പറേഷന്‍ കോക്ക്‌ടെയില്‍; എക്‌സൈസ് ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

സംസ്ഥാനത്തെ എക്‌സൈസ് ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഓണക്കാലത്ത് ചില ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി പരിശോധന നടത്തുന്നില്ലെന്ന് വിജിലന്‍സിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മിന്നല്‍ പരിശോധന. എഴുപത്തഞ്ചോളം എക്‌സൈസ് ഓഫീസുകളില്‍ ഉച്ചയ്ക്ക് 12.30ഓടെയാണ് പരിശോധന ആരംഭിച്ചത്.

ഓണത്തോടനുബന്ധിച്ച് കള്ളുഷാപ്പുടമകളും ബാറുടമകളും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുന്നതായാണ് വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരം. ഓണക്കാലത്തെ പരിശോധനകള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് കൈക്കൂലി. വിജിലന്‍സ് ഡയറക്ടര്‍ ടി.കെ വിനോദ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന പുരോഗമിക്കുന്നത്.

ഓപ്പറേഷന്‍ കോക്ക്‌ടെയില്‍ എന്ന പേരിലാണ് പരിശോധന പുരോഗമിക്കുന്നത്. സംസ്ഥാനത്തെ 14 എക്‌സൈസ് ഡിവിഷനുകളിലും തെരഞ്ഞെടുത്ത 16 എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും 45 റേഞ്ച് ഓഫീസുകളും ഉള്‍പ്പെടെ 75 ഓളം എക്‌സൈസ് ഓഫീസുകളിലാണ് വിജിലന്‍സ് സംഘം ഒരേസമയം മിന്നല്‍ പരിശോധന നടത്തുന്നത്.

Top