ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍;വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് വിവരാവകാശ കമ്മീഷണര്‍

ന്യൂഡല്‍ഹി: 1984ല്‍ നടന്ന ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ വിവരങ്ങള്‍ ഒരു കാരണവശാലും പുറത്തുവിടാനാകില്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍. 30 വര്‍ഷം പിന്നിട്ടെങ്കിലും ഇതുസംബന്ധിച്ച വിവരങ്ങള്‍ രാജ്യസുരക്ഷക്ക് വെല്ലുവിളിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നിലപാട്. ഇക്കാര്യം ബ്ലൂസ്റ്റാറിന്റെ വിവരങ്ങള്‍ തിരക്കി കമ്മീഷനെ സമീപിച്ചവരെ വിവരാവകാശ കമ്മീഷണര്‍ ദിവ്യ പ്രകാശ് സിന്‍ഹ അറിയിച്ചു.

ബ്ലൂസ്റ്റാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടാല്‍ രാജ്യത്ത് പലവിധത്തിലുള്ള പ്രശ്‌നങ്ങളുണ്ടാകും. വിവിധ വിഭാഗങ്ങള്‍ തമ്മില്‍ രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുന്ന സമയമാണിത്. അതിനാലാണ് ഇത്തരമൊരു നിലപാടെടുക്കുന്നതെന്നും കമ്മീഷന്‍ അറിയിച്ചു.

കമ്മീഷന്റെ നിലപാടിനെ പ്രതിരോധമന്ത്രാലയത്തിലെ വിവരാവകാശ ഉദ്യോഗസ്ഥനും പിന്തുണച്ചു. ബ്ലൂസ്റ്റാറുമായി ബന്ധപ്പെട്ട വിഘടനവാദി പ്രസ്ഥാനം ഇന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തും സജീവമാണ്. 2012ല്‍ റിട്ടയര്‍ഡ് ലെഫ്റ്റനന്റ് ജനറല്‍ കെഎസ് ബ്രാറിനെതിരെ നടന്ന അക്രമം കൂടി കണക്കിലെടുത്താണ് ഈ നിലപാട്. ബ്ലൂസ്റ്റാറിന് 28 വര്‍ഷത്തിന് ശേഷമാണ് ലണ്ടനില്‍ ബ്രാര്‍ അക്രമത്തിനിരയാകുന്നത്. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ പങ്കെടുത്തെന്ന കാരണത്താലാണ് അക്രമം നടന്നത്. ഇതേ കാരണത്താല്‍ 1986ല്‍ ജനറല്‍ എ എസ് വൈദ്യയും കൊല്ലപ്പെട്ടു.

ഈ സാഹചര്യത്തില്‍ വിവരങ്ങള്‍ പുറത്തുവിട്ടാല്‍ ഇനിയും അക്രമസംഭവങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു. തെറ്റായ പ്രചാരണങ്ങളും വിവാദങ്ങളും അക്രമങ്ങളും ഒഴിവാക്കുകയാണ് നിലപാടിലൂടെ കമ്മീഷന്‍ ലക്ഷ്യം വെക്കുന്നത്.

1984ലാണ് ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ സംഭവിക്കുന്നത്. ഖലിസ്ഥാന്‍ എന്ന സ്വതന്ത്രരാഷ്ട്രത്തിനുവേണ്ടിയുള്ള പ്രക്ഷോഭമാണ് സൈനികനടപടിയില്‍ കലാശിച്ചത്. സിഖ് ഭീകരരെ നേരിടാനായിരുന്നു നടപടി.സൈനികരുള്‍പ്പെടെ അറുന്നൂറോളം പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. എങ്കിലും ബ്ലൂസ്റ്റാറുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഇനിയും പുറത്തുവിട്ടിട്ടില്ല.

Top