സുഹാസിനി രാജ്; ഇന്ത്യന്‍ പാര്‍ലമെന്റിലെ അഴിമതിക്കാരെ വിറപ്പിച്ച മാധ്യമ പ്രവര്‍ത്തക

ന്യൂഡല്‍ഹി: ഇന്ത്യന്‍ പാര്‍ലമെന്റിനെ പിടിച്ചു കുലുക്കിയ സ്റ്റിംഗ് ഓപ്പറേഷന് നേതൃത്വം നല്‍കിയ ആളാണ് ശബരിമലയില്‍ റിപ്പോര്‍ട്ടിംഗിന് എത്തി പ്രതിഷേധക്കാരുടെ ആക്രമണം നേരിട്ട സുഹാസിനി രാജ്.

2005 ഡിസംബര്‍ 23 ഇന്ത്യന്‍ പാര്‍ലമെന്റിലെ ഏറ്റവും നാണം കെട്ട ദിവസമായിരുന്നു. 11 എംപിമാരെയാണ് കൈക്കൂലിക്കേസില്‍ അന്ന് പുറത്താക്കിയത്. ഓപ്പറേഷന്‍ ദുര്യോധന എന്ന് പേരില്‍ കോബ്ര പോസ്റ്റ് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് ഇവര്‍ കുടുങ്ങിയത്. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ കൈക്കൂലി വാങ്ങി എന്നാണ് ഇവര്‍ക്കെതിരായിരുന്ന ആരോപണം. ഓപ്പറേഷന്‍ ദുര്യോധനയ്ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് ഇന്ന് ശബരിമല വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന സുഹാസിനി രാജ്.

ഉത്തരേന്ത്യന്‍ ചെറുകിട ഉത്പാദക അസോസിയേഷന്‍ എന്ന നിലവിലില്ലാത്ത സംഘടനയുടെ പ്രതിനിധികളായി ചമഞ്ഞ കോബ്ര പ്രതിനിധികളില്‍ നിന്നാണ് എംപിമാര്‍ അന്ന് പണം കൈപ്പറ്റിയത്. സംഘടനയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഇരുസഭയിലും ഉന്നയിക്കണമെന്ന ആവശ്യം ഇവര്‍ അംഗീകരിക്കുകയും അതു പ്രകാരം എട്ടു മാസത്തിനിടെ കോബ്ര പ്രതിനിധികള്‍ കൊടുത്ത അറുപതിലേറെ ചോദ്യങ്ങളില്‍ 25 എണ്ണം പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെടുകയും ചെയ്തു.

ഇന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ സൗത്ത് ഏഷ്യ റിപ്പോര്‍ട്ടറാണ് സുഹാസിനി രാജ്. ശബരിമലയില്‍ പോലീസ് സംരക്ഷണയിലാണ് എത്തിയതെങ്കിലും പ്രതിഷേധക്കാരുടെ തെറിവിളിയും ആക്രമണങ്ങളും സഹിക്കവയ്യാതെയാണ് അവര്‍ തിരികെ പോയത്. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും സുഹാസിനി വ്യക്തമാക്കി.

Top