അടിസ്ഥാന സൗകര്യം പോലുമില്ലാതെ വിഴിഞ്ഞം തുറമുഖം തുറക്കുന്നത് കണ്ണില്‍ പൊടിയിടാന്‍: യൂജിന്‍ പെരേര

തിരുവനന്തപുരം: അടിസ്ഥാന സൗകര്യം പോലുമില്ലാതെ വിഴിഞ്ഞം തുറമുഖം തുറക്കുന്നത് കണ്ണില്‍ പൊടിയിടാനെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേര. ക്രെയിന്‍ കൊണ്ടുവരുന്നതിനെ ആഘോഷമാക്കുന്നത് വിരോധാഭാസമാണെന്നും ചൈനയില്‍ നിന്ന് രണ്ട് ക്രെയിന്‍ കൊണ്ട് വന്നത് വലിയ അഘോഷമാക്കേണ്ടത് ഉണ്ടോയെന്നും യൂജിന്‍ പെരേര ചോദിക്കുന്നു.

‘വിഴിഞ്ഞത്ത് എത്തിയത് ചരക്ക് കപ്പല്‍ അല്ല. ക്രെയിനുമായുളള ബാര്‍ജ് ആണ് ഇപ്പോള്‍ എത്തിയത്. കപ്പലുകള്‍ അടുപ്പിക്കാനുള്ള അവസ്ഥയില്‍ തുറമുഖം എത്തിയിട്ടില്ല. കൊണ്ടുവന്ന ക്രെയിന്‍ സ്ഥാപിക്കാന്‍ പോലും സൗകര്യമില്ല’ യൂജിന്‍ പെരേര പറഞ്ഞു.കേരളം വലിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോള്‍ എന്തിനാണ് ഇപ്പോള്‍ ഇങ്ങനെ ഒരു മാമാങ്കമെന്ന് യൂജിന്‍ പെരേര ചോദിച്ചു.

വിഴിഞ്ഞത്തെ പാരിസ്ഥിതിക സാമൂഹിക അഘാത പഠന റിപോര്‍ട്ട് ഇതുവരെ ആയില്ലെന്നും മത്സ്യതൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് പറഞെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുകയാണെന്നും വിഴിഞ്ഞം – നാവായിക്കുളം റോഡിന് വീടും ഭൂമിയും വിട്ടു നല്‍കിയവര്‍ ഇപ്പോള്‍ പെരുവഴിയിലാണെന്നും ആരോപിച്ച യൂജിന്‍ പെരേര സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി.

മുതലപ്പാഴിയില്‍ ഇപ്പൊഴും അപകടങ്ങള്‍ നടക്കുന്നുണ്ട്. കേരളത്തിന്റെ ഓരോ വികസന പദ്ധതികളും ജനങ്ങള്‍ക്ക് വലിയ തലവേദന ആയിരിക്കുമെന്നും തുറമുഖം കേരളത്തിന് വലിയ സാമ്പത്തിക നഷ്ടവും തൊഴില്‍ നഷ്ടവും ഉണ്ടാക്കുമെന്നും യൂജിന്‍ പെരേര പറഞ്ഞു.വിഴിഞ്ഞത്ത് എത്തിയ ആദ്യ കപ്പലിനെ സ്വീകരിക്കുന്ന പരിപാടിയില്‍ സര്‍ക്കാര്‍ ലത്തീന്‍ അതിരൂപതയെ ക്ഷണിച്ചിട്ടില്ലെന്നും യൂജിന്‍ പെരേര പറഞ്ഞു.

Top