സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും തുറന്നു പ്രവര്‍ത്തിക്കണം: സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

hospital

ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ സാഹചര്യമൊരുക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രം.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തിലാണ് ഈ നിര്‍ദേശമുള്ളത്. മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ സ്വകാര്യ ക്ലിനിക്കുകളും ആശുപത്രികളും തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

ജനങ്ങളും ചിലയിടങ്ങളില്‍ സര്‍ക്കാരുകളും പ്രവര്‍ത്തനം തടഞ്ഞതോടെ മിക്ക സംസ്ഥാനങ്ങളിലും ചില സ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സ്വകാര്യ ആശുപത്രികളും മറ്റും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത്.

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എല്ലാവിധ സുരക്ഷയും ഒരുക്കണമെന്നും അജയ് ഭല്ല കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, ആംബുലന്‍സ് തുടങ്ങി എല്ലാ മേഖലയിലുമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സഞ്ചാര സ്വാതന്ത്ര്യം. ആശുപത്രികളിലേക്ക് എത്തുന്നതിനുള്ള സൗകര്യം, സുരക്ഷ എന്നിവ ഉറപ്പുവരുത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top