ലോക്ക്ഡൗണ്‍ ഇളവ്; തുറക്കുന്ന കാര്യം അതാത് പള്ളികള്‍ക്ക് തീരുമാനമെടുക്കാം

കൊച്ചി: ലോക്ക്ഡൗണിന് ശേഷം പള്ളികള്‍ തുറക്കുന്നത് സംബന്ധിച്ച് അതാത് പള്ളികള്‍ക്ക് തീരുമാനമെടുക്കാമെന്ന് വാരാപ്പുഴ ലത്തീന്‍ അതിരൂപത. തിരക്കിട്ട് പള്ളികള്‍ തുറക്കേണ്ടതില്ലെന്ന് ചില ഇടവകകള്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും അതിനാല്‍ പള്ളികള്‍ തുറക്കുന്ന കാര്യത്തില്‍ അതാത് പള്ളികള്‍ക്ക് തീരുമാനമെടുക്കാമെന്നും അതിരൂപത വ്യക്തമാക്കി. പ്രാധാന്യമുള്ള ദിവസങ്ങളില്‍ ഒരേ സമയം പതിനഞ്ച് പേരില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കരുതെന്ന് അതിരൂപത നിര്‍ദ്ദേശം നല്‍കി.

ലോക്ക്ഡൗണിന് ശേഷം പള്ളികള്‍ തുറക്കുന്നതില്‍ ക്രൈസ്തവ സഭകളില്‍ ഭിന്നതയുണ്ടായിരുന്നു. തിരക്കിട്ട് പള്ളികള്‍ തുറക്കരുതെന്ന് ആവശ്യപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപത സംരക്ഷണ സമിതി ആര്‍ച്ച് ബിഷപ്പിന് കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് അതിരൂപതയുടെ തീരുമാനം.

അതേസമയം, 65 വയസ് പിന്നിട്ട വൈദികര്‍ക്ക് ആരാധാലയങ്ങളില്‍ പ്രവേശിക്കാമോ എന്നതാണ് പ്രധാന ആശങ്ക. ഇതിന് കഴിയില്ലെങ്കില്‍ അത് പ്രതിസന്ധിയാകും. ഭൂരിഭാഗം ഇടവക വൈദികന്മാരും 65 വയസ് പിന്നിട്ടവരാണ്. മെത്രാന്മാരും മിക്കവരും 65 വയസ് കഴിഞ്ഞവരാണ്. കൂടാതെ വിശുദ്ധ കുര്‍ബാനയിലെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. തുടര്‍ന്നാണ് എറണാകുളം അങ്കമാലി അതിരൂപത സര്‍ക്കാരില്‍ നിന്ന് വ്യക്തത തേടിയത്.

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് പള്ളികള്‍ തുറക്കാമെന്നാണ് യാക്കോബായ സഭയുടെ തീരുമാനം. 65 വയസിന് മുകളില്‍ പ്രായമുള്ള വൈദികരോ വിശ്വാസികളോ പള്ളികളില്‍ എത്തേണ്ടതില്ലെന്ന് ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. പള്ളികള്‍ തുറക്കുന്ന കാര്യത്തില്‍ മറ്റ് സഭകളും ഉടന്‍ തീരുമാനമെടുത്തേക്കും.

Top