മുല്ലപ്പെരിയാർ മുന്നറിയിപ്പില്ലാതെ രാത്രി തുറന്ന് വിടുന്നത് ചൂണ്ടിക്കാട്ടി കേരളം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: പലവട്ടം ആവശ്യപ്പെട്ടിട്ടും മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാം രാത്രിയിൽ തുറന്നുവിട്ട് ജനങ്ങൾക്കു നാശനഷ്ടം വരുത്തിയതു ചൂണ്ടിക്കാട്ടി കേരളം സുപ്രീം കോടതിയിൽ ഹർജി നൽകി. ഡ‍ാം സുരക്ഷ സംബന്ധിച്ചുള്ള ഹർജികൾ നാളെ ജഡ്ജിമാരായ എ.എം. ഖാൻവിൽക്കർ, സി.ടി.രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് പരിഗണിക്കാനിരിക്കെയാണിത്.

രാത്രി ഒറ്റയടിക്കു വെള്ളം തുറന്നുവിട്ട് ആളുകൾക്ക് നാശനഷ്ടം ഉണ്ടാക്കാതിരിക്കുക, സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവു നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ മേൽനോട്ട സമിതിയോടു നിർദേശിക്കുക, ഡാമിൽ നിന്നു വെള്ളം തുറന്നുവിടേണ്ട സമയം, തോത് തുടങ്ങിയ കാര്യങ്ങൾ നിർണയിക്കുന്നതിന് കേരളത്തിന്റെയും തമിഴ്നാടിന്റെയും പ്രതിനിധികളടങ്ങിയ സംയുക്ത സമിതിയെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സ്റ്റാൻഡിങ് കൗൺസൽ ജി. പ്രകാശ് വഴി നൽകിയ ഹർജിയിലുള്ളത്.

രാത്രി അണക്കെട്ട് തുറന്നതുവഴി ജനങ്ങൾക്കുണ്ടായ ദുരിതം വിശദമാക്കിയാണ് ഹർജി. ദുരിതത്തിന്റെ രേഖകൾ, ചിത്രങ്ങൾ എന്നിവയും നൽകി. ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തു നൽകിയിരുന്നു. ഡാം തുറക്കുന്നത് 6 മണിക്കൂർ മുൻപെങ്കിലും അറിയിക്കണമെന്ന് തേനി കലക്ടറെ ഇടുക്കി കലക്ടർ രേഖാമൂലം അറിയിക്കുകയും ചെയ്തു. ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് വ്യക്തമാക്കി കേരള ചീഫ് സെക്രട്ടറി വി.പി. ജോയി തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് കത്തു നൽകി. ഇവയെല്ലാം അടക്കമുള്ള കാര്യങ്ങൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Top