ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിന് പരുക്ക്

ന്യൂഡല്‍ഹി: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയുടെ നിരാശ മറന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിന് പരുക്ക്. ന്യൂസീലന്‍ഡിനെതിരായ കലാശപ്പോരാട്ടത്തിന് ഇടയ്ക്കാണ് ഗില്ലിന് പരുക്കേറ്റത്. താരത്തിന് ആദ്യ ടെസ്റ്റ് നഷ്ടമാകുമെന്ന് ഉറപ്പായിട്ടുണ്ട്. പരമ്പര പൂര്‍ണമായും നഷ്ടമായേക്കുമെന്നും സൂചനയുണ്ട്. പരുക്കേറ്റെങ്കിലും വിശദ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി ഗില്‍ ഇംഗ്ലണ്ടില്‍ത്തന്നെ തുടരും.

‘ശുഭ്മന്‍ ഗില്‍ ആകെ വിഷമത്തിലാണ്. പരുക്ക് അല്‍പം ഗൗരവമുള്ളതാണ്. ഇംഗ്ലണ്ടില്‍ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഗില്ലിന്റെ പരുക്ക് ഭേദപ്പെടണമെന്നാണ് ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നതെങ്കിലും അത് നടക്കുമെന്ന് തോന്നുന്നില്ല. മിക്കവാറും ശസ്ത്രക്രിയ വേണ്ടിവരും’ ടീം അധികൃതരെ ഉദ്ധരിച്ച് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് നാലിന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. സെപ്റ്റംബര്‍ 14നാണ് പര്യടനം പൂര്‍ത്തിയാകുക.

ശുഭ്മന്‍ ഗില്ലിന് പരുക്കേറ്റെങ്കിലും റിസര്‍വ് ഓപ്പണറായി അഭിമന്യു ഈശ്വരന്‍ ടീമിലുണ്ട്. മാത്രമല്ല, ഓപ്പണറായി പരീക്ഷിക്കാവുന്ന മായങ്ക് അഗര്‍വാളും കെ.എല്‍. രാഹുലും ടീമിന്റെ ഭാഗമാണ്. രാഹുലിനെ മധ്യനിരയില്‍ കളിപ്പിക്കാനാണ് ടീം മാനേജ്‌മെന്റിനു കൂടുതല്‍ താല്‍പര്യം. ഗില്ലിന് കളിക്കാനാകാതെ വന്നാല്‍ മായങ്ക് അഗര്‍വാള്‍ ഓപ്പണറാകാനാണ് സാധ്യത.

Top