നിര്‍ദേശിച്ച സമയത്തിനു മുന്‍പ് തുറന്നു; ബാറിനെതിരെ കേസെടുത്ത് എക്‌സൈസ് വകുപ്പ്

തിരുവനന്തപുരം: മദ്യനയപ്രകാരം നിശ്ചയിച്ച സമയത്തിനു മുന്‍പ് തുറന്നു പ്രവര്‍ത്തിച്ച ബാറിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തു.

തിരുവനന്തപുരം തകരപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന സമ്രാട്ട് ബിയര്‍ വൈന്‍ പാര്‍ലറിനെതിരെയാണ് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ നിര്‍ദേശപ്രകാരം കേസെടുത്തത്.

സെയില്‍സ്മാന്‍ അനില്‍കുമാറിനെ ഒന്നാം പ്രതിയായും ലൈസന്‍സി മോഹന്‍ദാസിനെ രണ്ടാം പ്രതിയായുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നിലവിലുള്ള മദ്യനയപ്രകാരം രാവിലെ 11 മുതല്‍ രാത്രി 11 മണി വരെയാണ് ബാറുകളുടെ പ്രവര്‍ത്തനസമയം. എക്‌സൈസ് കമ്മിഷണര്‍ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ ഈ ബാര്‍ രാവിലെ ഒന്‍പത് മണിക്കു മുന്‍പ് തുറന്നു പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തുകയായിരുന്നു.

തിരുവനന്തപുരം ഐ.ബി. ഇന്‍സ്‌പെക്ടര്‍ സുധാകരന്‍, റേഞ്ച് ഇന്‍സ്‌പെക്ടര്‍ സി.പി.പ്രവീണ്‍ എന്നിവര്‍ പരിശോധനയ്ക്കു നേതൃത്വം നല്‍കി. നിയമാനുസരണം പ്രവര്‍ത്തിക്കാത്ത ബാറുകള്‍ക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് എക്‌സൈസ് കമ്മിഷണര്‍ വ്യക്തമാക്കി.

Top