സാങ്കേതിക വിദ്യാരംഗത്തെ ഇസ്ലാമോഫോബിയയ്‌ക്കെതിരെ ഓപ്പണ്‍ എഐ സിഇഒ സാം ഓള്‍ട്ട്മാന്‍

സാങ്കേതികവിദ്യാ രംഗത്തെ മുസ്ലീം അറബ് വിഭാഗക്കാര്‍ അനുഭവിക്കുന്ന അസ്വസ്ഥതയിലും ഭയത്തിലും ആശങ്ക പ്രകടിപ്പിച്ച് ഓപ്പണ്‍ എഐ സിഇഒ സാം ഓള്‍ട്ട്മാന്‍. സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് ഓള്‍ട്ട്മാന്‍ തന്റെ ആശങ്ക പങ്കുവെച്ചത്.

‘ഞാന്‍ സംസാരിച്ച സാങ്കേതിക വിദ്യാ കമ്മ്യൂണിറ്റിയിലെ മുസ്ലീം, അറബ് (പ്രത്യേകിച്ച് പലസ്തീന്‍) സഹപ്രവര്‍ത്തകര്‍ അവരുടെ സമീപകാല അനുഭവങ്ങളെക്കുറിച്ച് സംസാരിക്കാന്‍ പ്രയാസപ്പെടുകയാണ്. തങ്ങള്‍ക്കെതിരെ പ്രതികാര നടപടിയുണ്ടായേക്കുമെന്നും കരിയര്‍ സാധ്യതകള്‍ നഷ്ടപ്പെടുമെന്നുമുള്ള ഭയമാണ് അവര്‍ക്ക്’ ഓള്‍ട്ട്മാന്‍ പറഞ്ഞു. ഗാസ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഓള്‍ട്ട്മാന്റെ പ്രതികരണം. ഈ വിഭാഗങ്ങളിലുള്ള സാങ്കേതിക വിദ്യാ രംഗത്തെ അംഗങ്ങളോട് സഹാനുഭൂതി കാണിക്കേണ്ടതിന്റെ ആവശ്യകത ഓള്‍ട്ട്മാന്‍ ഊന്നിപ്പറഞ്ഞു.

‘ഞാനൊരു ജൂതനാണ്. ജൂതവിരുദ്ധത ലോകത്തെ വളര്‍ന്നുവരുന്ന ഒരു പ്രധാന പ്രശ്‌നമാണെന്നാണ് ഞാന്‍ കരുതുന്നത്. വ്യവസായ രംഗത്തെ നിരവധിയാളുകള്‍ എനിക്കൊപ്പം നില്‍ക്കുന്നത് ഞാന്‍ കാണുന്നു. അതിനെ ഞാന്‍ വിലമതിക്കുകയും ചെയ്യുന്നു. എന്നാല്‍ മുസ്ലീങ്ങള്‍ക്ക് ആ പിന്തുണ വളരെ കുറവാണ്.

ഹമാസ്- ഇസ്രായേല്‍ പോരാട്ടങ്ങളുടെ പശ്ചാത്തലത്തില്‍ യുഎസില്‍ വലിയ രീതിയില്‍ ജൂതവിരുദ്ധതയും ഇസ്രാമോഫോബിയയും വര്‍ധിച്ചിട്ടുണ്ടെന്നാണ് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സാങ്കേതിക വിദ്യാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കിടയിലും വിവേചനവും പക്ഷപാതവും വര്‍ധിക്കുന്നുണ്ടെന്നതിന്റെ സൂചനയാണ് ഓള്‍ട്ട്മാന്റെ വാക്കുകള്‍.

Top