ഓപ്പണ്‍ വോട്ട്, തെരെഞ്ഞെടുപ്പ് കമ്മീഷന്‍ എങ്ങനെ നിഗമനത്തില്‍ എത്തി എന്നറിയില്ല : ഇപി ജയരാജന്‍

കണ്ണൂര്‍ : വോട്ട് വിവാദത്തില്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ എങ്ങനെ ഒരു നിഗമനത്തിലെത്തി എന്നറിയില്ലെന്ന് ഇപി ജയരാജന്‍. യുഡിഎഫ് ആണ് കള്ളവോട്ട് ചെയ്തത്. കണ്ണൂരില്‍ ഓപ്പണ്‍ വോട്ടു ആണ് ചെയ്തതെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.

ഈ പ്രശ്‌നം ഏതെങ്കിലും ബൂത്ത് ഏജന്റ് തിരഞ്ഞെടുപ്പ് സമയത്തും കഴിഞ്ഞതിനു ശേഷവും ആരെങ്കിലും പരാതിപ്പെട്ടിട്ടുണ്ടോ എന്നും മന്ത്രി ചോദിച്ചു. ഓപ്പണ്‍ വോട്ട് ചെയ്തതാണെന്ന് സ്ത്രീകള്‍ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അവര്‍ നിയമനടപടിക്ക് പോവുകയാണ്. മാദ്ധ്യമ പ്രവര്‍ത്തകനെതിരേയും വാര്‍ത്ത പ്രസിദ്ധീകരിച്ച മാദ്ധ്യമത്തിനെതിരേയും നിയമ നടപടിക്ക് ആ സ്ത്രീകള്‍ പോവുകയാണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

പിലാത്തറ പത്തൊമ്പതാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ രംഗത്ത് വന്നിരുന്നു.

സുമയ്യ, സലീന, പത്മിനി എന്നിവര്‍ രണ്ടു തവണ വോട്ടു ചെയ്തെന്നാണ് ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നത്. ഈ മൂന്നു പേര്‍ക്കുമെതിരെ കേസെടുക്കാന്‍ വരണാധികാരിയ്ക്ക് നിര്‍ദേശം നല്‍കി.

കള്ളവോട്ട് നടന്നെന്ന പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് നേരത്തെ തന്നെ ടിക്കാറാം മീണ പറഞ്ഞിരുന്നു. കളക്ടറുടെ റിപ്പോര്‍ട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Top