Open My Mouth, The Country Will Shake’: Ex- Minister Eknath Khadse

മുംബൈ : താന്‍ വായ തുറന്നാല്‍ രാജ്യം മുഴുവന്‍ കുലുങ്ങുമെന്ന് രാജിവച്ച മഹാരാഷ്ട്ര മുന്‍മന്ത്രി ഏക്‌നാഥ് ഖഡ്‌സെ.

രാജിവച്ച് ഏതാണ്ട് ഒരു മാസത്തിന് ശേഷമാണ് ബിജെപി നേതാവുകൂടിയായ ഖഡ്‌സെയുടെ പ്രതികരണം. വ്യാഴാഴ്ച സ്വന്തം നിയമസഭാ മണ്ഡലത്തില്‍ അദ്ദേഹത്തെ അനുകൂലിക്കുന്നവരോടു സംസാരിക്കുകയായിരുന്നു ഖഡ്‌സെ.

എനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഞാന്‍ രാജിവച്ചു. ഒരു പക്ഷെ, ഞാനെന്റെ വായ തുറന്നാല്‍ ഈ രാജ്യം മുഴുവന്‍ കുലുങ്ങും ഏക്‌നാഥ് ഖഡ്‌സെ പറഞ്ഞു.

തുടര്‍ച്ചയായ അഴിമതി ആരോപണങ്ങളും അധോലോകത്തലവന്‍ ദാവൂദ് ഇബ്രാഹിമിന്റെ കറാച്ചിയിലെ വീട്ടില്‍നിന്ന് ഖഡ്‌സെയുടെ ഫോണിലേക്കു വിളി വന്ന സംഭവവുമാണ് രാജിക്കു കാരണമായത്.

മഹാരാഷ്ട്ര റവന്യു മന്ത്രിയും മന്ത്രിസഭയിലെ രണ്ടാമനുമായ ഏക്‌നാഥ് ഖഡ്‌സെയുടെ രാജി ഏറെ ചര്‍ച്ചയായിരുന്നു. സര്‍ക്കാര്‍ ഭൂമി ഭാര്യയ്ക്കും മരുമകനും കുറഞ്ഞ വിലയ്ക്കു കൈമാറിയതാണു പ്രധാനമായും രാജി കാരണമാക്കിയത്.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ അഴിമതി ആരോപണത്തെത്തുടര്‍ന്നു രാജിവയ്ക്കുന്ന ആദ്യ ബിജെപി മന്ത്രിയായിരുന്നു ഖഡ്‌സെ.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനു നേരെയും ഖഡ്‌സെ ഇന്നലെ നടത്തിയ പ്രസംഗത്തില്‍ ഒളിയമ്പ് എയ്തു. മഹാരാഷ്ട്രയില്‍ ബിജെപിയെ അധികാരത്തിലെത്തിക്കുന്നതില്‍ താന്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

ആരോപണങ്ങള്‍ തെറ്റാണെന്നു പറഞ്ഞ ഖഡ്‌സെയ്‌ക്കെതിരെ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍, തന്റെ വാക്കുകള്‍ രാജ്യത്തെ പിടിച്ചുകുലുക്കുമെന്നു പറഞ്ഞ ഖഡ്‌സെയെ എടിഎസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന വ്യക്തിയാണ് ഖഡ്‌സെ. അദ്ദേഹം തന്നെ പറയുന്നു രാജ്യത്തെ പിടിച്ചുലയ്ക്കാന്‍ പോന്ന വിവരം അദ്ദേഹത്തിന് അറിയാമെന്ന്.

ഖഡ്‌സെയ്ക്ക് ദാവൂദുമായോ ഭീകരസംഘടനകളുമായോ ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അറിയാം. ഇതെന്താണെന്ന് മനസിലാക്കാന്‍ എടിഎസ് ഖഡ്‌സെയെ ചോദ്യം ചെയ്യണമെന്ന് കോണ്‍ഗ്രസ് വക്താവ് അല്‍ നസീര്‍ സക്കറിയ ആവശ്യപ്പെട്ടു. എന്‍സിപിയും ഖഡ്‌സെയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

Top