ചാറ്റ് ജിപിടിയിലെ പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ വന്‍ തുക പരിതോഷികം നൽകുമെന്ന് ഓപൺ എഐ

സന്‍ഫ്രാന്‍സിസ്കോ: ആര്ട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റത്തിലെ പ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്താൽ ഉപയോക്താക്കൾക്ക് വന്‍ തുക പാരിതോഷികം വാഗ്ദാനം ചെയ്ത് ഓപ്പൺ എഐ. എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയുടെ സൃഷ്ടാക്കളാണ് ഓപൺ എഐ. പ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്യുന്ന ഉപയോക്താക്കൾക്ക് 20,000 ഡോളർ വരെ (16.39 ലക്ഷം രൂപ)യാണ് ഇവർ പാരിതോഷികമായി നൽകുന്നത്.

ബഗ് ബൗണ്ടി പ്രോഗ്രാമുമായി എത്തുന്ന ആദ്യത്തെ കൂട്ടരല്ല ഓപ്പൺ എഐ. ഗൂഗിളും മൈക്രോസോഫ്റ്റും മെറ്റയും നേരത്തെ ഇത്തരത്തിലുള്ള വാഗ്ദാനങ്ങളുമായി എത്തിയിരുന്നു. ചാറ്റ്ജിപിടിയിലുള്ള തെറ്റുകളും ബഗ്ഗുകളും റിപ്പോർട്ട് ചെയ്യുന്നവർക്ക് 200 ഡോളർ മുതൽ (16,000 രൂപ) പാരിതോഷികമായി ലഭിക്കും. ബഗുകൾ വിലയിരുത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് പാരിതോഷിക തുക വാഗ്ദാനം ചെയ്യുന്നത്.

ഉപയോക്താക്കൾക്ക് 20,000 ഡോളർ വരെയുണ്ടാക്കാനുള്ള അവസരം കൂടിയാണിത്. ചാറ്റ് ജിപിടിയുടെ ചില പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായാണ് ഓപൺഎഐ ഗവേഷകരെ തേടുന്നതെന്നാണ് ബഗ് ബൗണ്ടി പ്ലാറ്റ്‌ഫോമായ ബഗ്‌ക്രൗഡിലുള്ള വിവരങ്ങൾ പറയുന്നത്. കൂടാതെ തേർഡ് പാർട്ടി ആപ്ലിക്കേഷനുകളുമായി ഇവർ കമ്മ്യൂണിക്കേഷൻ നടത്തുകയും ഡാറ്റ ഷെയർ ചെയ്യുന്നതിനെ കുറിച്ചും ഗവേഷകർ അവലോകനം ചെയ്യേണ്ടി വരും.

ബഗ് ബൗണ്ടി പ്രോഗ്രാമുകളെ ആശ്രയിക്കുന്നത് സാധാരണയായി തങ്ങളുടെ സോഫ്റ്റ്‌വെയർ സിസ്റ്റങ്ങളിലെ ബഗുകൾ റിപ്പോർട്ടുചെയ്യാൻ പ്രോഗ്രാമർമാരെയും എത്തിക്കൽ ഹാക്കർമാരെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ്. ഓപ്പൺ എഐയുടെ ഉള്ളടക്കം ഇതിൽപ്പെടുന്നില്ല.ഇറ്റലിയിൽ സ്വകാര്യതാ നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി ചാറ്റ്ജിപിടി നിരോധിച്ചിരിക്കുകയാണ്.

സാങ്കേതിക രംഗത്തെ പുതിയ തരംഗമാണ് ചാറ്റ്ജിപിടി. നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ജിപിടി ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. മനുഷ്യൻ ചെയ്യുന്ന ഭൂരിഭാഗം ജോലികളും ചാറ്റ് ജി.പി.ടി 4ന് വഴിമാറുമെന്നാണ് സൂചനകൾ. ഇത്തരത്തിലുള്ള 20 പ്രഫഷനുകളുടെ പട്ടിക നേരത്തെ പുറത്തുവന്നിരുന്നു. ഏറെ പ്രയാസമുള്ള പരീക്ഷകൾ പോലും എളുപ്പത്തിൽ പാസായി ചാറ്റ് ജിപിടി മികവ് തെളിയിച്ചത് വാർത്തയിൽ ഇടം നേടിയതാണ്.

കഴിഞ്ഞ നവംബറിലാണ് ഓപ്പൺ എഐ ചാറ്റ് ജിപിടി 3.5 എന്ന എഐ ചാറ്റ്ബോട്ട് അവതരിപ്പിക്കുന്നച്. ചെറിയ കാലത്തിനുള്ളിൽ തന്നെ സൈബർ ലോകത്ത് ചാറ്റ് ജിപിടി തന്റെതായ ഇടം കണ്ടെത്തുി. ചാറ്റ്ജിപിടി (ചാറ്റ് ജനറേറ്റീവ് പ്രീ-ട്രെയിൻഡ് ട്രാൻസ്ഫോർമർ) ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം മനുഷ്യനെ പോലെ പ്രതികരിക്കുന്ന എഐ ടൂളാണ്.

Top