എണ്ണ ഉത്പാദനം ഉയര്‍ത്തണമെന്ന ആവശ്യം ഒപെക് തള്ളി

എണ്ണ ഉത്പാദനം ഉയര്‍ത്തണമെന്ന ആവശ്യം പെട്രോള്‍ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് തള്ളി. യുക്രൈന്‍ യുദ്ധം മുന്‍നിര്‍ത്തി ഉത്പാദനം ഉയര്‍ത്തേണ്ട സാഹചര്യമില്ലെന്ന് ഒപെക് തീരുമാനിച്ചു. അതേസമയം അടുത്തമാസം ഉത്പാദനത്തില്‍ നാമമാത്ര വര്‍ധന വരുത്താനും തീരുമാനിച്ചിട്ടുണ്ട്.

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. യുെ്രെകന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ റഷ്യക്കെതിരെ ഉപരോധ നടപടികള്‍ കടുപ്പിച്ചതാണ് പൊടുന്നനെ വില ഉയരാന്‍ കാരണം. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയുടെ ഊര്‍ജ മേഖലയിലേക്ക് കൂടി ഉപരോധം ദീര്‍ഘിപ്പിക്കാനുളള നീക്കത്തിലാണ്. അങ്ങനെ വന്നാല്‍ എണ്ണവില ബാരലിന് 130 ഡോളര്‍ വരെ ഉയര്‍ന്നേക്കുമെന്ന ആശങ്കയാണുള്ളത്. 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് വില കുതിച്ചത്.

എണ്ണ, പ്രകൃതിവാതക കയറ്റുമതിയില്‍ മുന്നിട്ടുനില്‍ക്കുന്ന റഷ്യക്കെതിരെ ലോകരാജ്യങ്ങള്‍ രംഗത്തുവന്നതോടെ യൂറോപ്പില്‍ ഊര്‍ജ കമ്മിയും വര്‍ധിച്ചിരിക്കുകയാണ്. വിലവര്‍ധന ചെറുക്കാനും കമ്മി നികത്താനും കരുതല്‍ ശേഖരത്തില്‍ നിന്ന് 60 ദശലക്ഷം ബാരല്‍ എണ്ണ വിപണിയിലിറക്കാന്‍ അന്താരാഷ്ട്ര ഊര്‍ജ സമിതി തീരുമാനിച്ചിരുന്നു. ഇന്ത്യ ഉള്‍പ്പെടെ പല ഇറക്കുമതി രാജ്യങ്ങളും ഇത്തരമൊരു നീക്കത്തിനൊപ്പമാണ്.

Top