ഒപെക് യോഗം നാളെ നടക്കും; പ്രതീക്ഷയോടെ ഇന്ത്യയും

ദോഹ: എണ്ണ ഉല്‍പ്പാദന രാജ്യങ്ങളുടെ സംഘടനയായ ഒപെക് യോഗം നാളെ നടക്കും. എന്നാല്‍, യോഗം ചേരാനിരിക്കുന്ന പശ്ചാത്തലത്തില്‍ വ്യാഴാഴ്ച അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില ബാരലിന് 80 ഡോളറിന് അടുത്തെത്തി. ക്രൂഡോയിലിന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് വില കുറയ്ക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപെക് രാജ്യങ്ങള്‍ക്ക് മേല്‍ വലിയ സമ്മര്‍ദ്ദമാണ് ചെലത്തുന്നത്.

നവംബര്‍ നാലോടെ ഇറാനുമേല്‍ യുഎസ് ഉപരോധം നടപ്പില്‍ വരുന്നതോടെ എണ്ണവിലയില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാവുമെന്നാണ് വിലയിരുത്തുന്നത്. ഇറാന്‍ ഉപരോധം നടപ്പില്‍ വരുന്നതോടെ കുറവുണ്ടാവുന്ന ക്രൂഡിന്റെ ലഭ്യത ഒപെക് രാജ്യങ്ങള്‍ നികത്തണമെന്നാണ് ട്രംപിന്റെ നയം.

ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് രാജ്യന്തര തലത്തില്‍ എണ്ണവില കുറഞ്ഞാല്‍ അത് ഇന്ത്യയിലെ ആഭ്യന്തര ഇന്ധനവില കുറയാന്‍ കാരണമാകും. നാളെ അല്‍ജീറിയയിലാണ് ഒപെക് യോഗം നടക്കുന്നത്. എണ്ണ ഉല്‍പ്പാദനം കൂട്ടുന്നതിനോട് സൗദി അടക്കമുളള രാജ്യങ്ങള്‍ക്ക് താല്‍പര്യക്കുറവുള്ളതായാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍. എണ്ണ ഉല്‍പ്പാദനം കൂട്ടുന്നത് സംബന്ധിച്ച കാര്യങ്ങള്‍ കഴിഞ്ഞ ആഴ്ച യുഎസ് ഊര്‍ജ്ജ സെക്രട്ടറി റിക്കി പെറി റഷ്യ,സൗദി രാജ്യങ്ങളുടെ എണ്ണ ഉല്‍പ്പാദന ചുമതലയുളള മന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു.

Top