ഓഖി പുനരധിവാസത്തിനായി വാഗ്ദാനം ചെയ്ത തുക നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല;സൂസെപാക്യം

Soosapakiam

തിരുവനന്തപുരം : ഓഖി പുനരധിവാസത്തിനായി വാഗ്ദാനം ചെയ്ത തുക നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലന്നും ദുരന്ത ബാധിതര്‍ക്കായി സമാഹരിച്ച തുക അത്യാവശ്യ കാര്യങ്ങള്‍ക്കായല്ല ചെലവിട്ടതെന്നും ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം. ചെലവിട്ട തുക സംബന്ധിച്ച് പുനപരിശോധന ആവശ്യമാണെന്നും സൂസെപാക്യം പറഞ്ഞു.

ഓഖി പുനരധിവാസം ഉടന്‍ നടപ്പാക്കണമെന്നും അല്ലെങ്കില്‍ സമദൂര നിലപാട് മാറ്റുമെന്നും സൂസപാക്യം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടത് അനുമോദനമല്ല. സാമ്പത്തിക സഹായവും പുനരധിവാസവുമാണ് അവര്‍ക്ക് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ആരെയും കണ്ണടച്ച് പിന്തുണയ്ക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഓഖി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ കേരള സര്‍ക്കാര്‍ മികച്ച മാതൃകയാണെന്ന് സൂസപാക്യം നേരത്തെ പ്രതികരിച്ചിരുന്നു. ഓഖി ദുരന്തത്തെ തുടര്‍ന്നുള്ള പുനരധിവാസ പദ്ധതികളില്‍ സര്‍ക്കാരിന്റെ ആത്മാര്‍ഥതയെ ഒരിക്കലും സഭ ചോദ്യം ചെയ്തിട്ടില്ലെന്നും തുടര്‍നടപടികള്‍ വേഗത്തിലാക്കണമെന്ന അഭിപ്രായമാണ് ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

422 കോടി അടിയന്തര സഹായം കേരളം ആവശ്യപ്പെട്ടെങ്കിലും 133 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഓഖി ദുരന്തബാധിതര്‍ക്ക് അനുവദിച്ചതെന്ന് ഓഖി ദുരന്ത വാര്‍ഷികവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

Top