oorali tea time song

മോദി സര്‍ക്കാരിന്റെ നോട്ടു അസാധുവാക്കലും തുടര്‍ന്ന് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതവും ഇതിനകം നിരവധി കലാകാരന്മാര്‍ വിഷയമാക്കി കഴിഞ്ഞു. എന്നും പ്രതിഷേധങ്ങള്‍ക്ക് പാട്ടിന്റെ വഴി തെരഞ്ഞെടുത്ത ഊരാളി ടീം നോട്ടുനിരോധത്തിലുള്ള തങ്ങളുടെ പ്രതിഷേധം അറിയിക്കാന്‍ ‘ഉള്ളതു കൂട്ടിയൊരുക്കി ഒരു ഇല്ലാപ്പാട്ടു’മായി രംഗത്തെത്തിയിരിക്കയാണ്. റ്റീ ടൈം സോംഗ് എന്നാണ് പാട്ടിന് നല്‍കിയിരിക്കുന്ന പേര്. ചായക്കടക്കാരനായുള്ള മോദിയുടെ പൂര്‍വകാലത്തെകുറിച്ച് പരാമര്‍ശിച്ചാണ് പാട്ട് തുടങ്ങുന്നത്.

”വരിയില്‍ നമ്മള്‍ കിതച്ച് പിന്നോട്ടായാലെന്താ നമ്മുടെ രാജ്യം കുതിച്ച് മുന്നില്‍ പോകണ കണ്ടാ” എന്ന് ശേഷം മാര്‍ട്ടിന്‍ ഊരാളി പാടിത്തുടങ്ങുന്നു. ‘ഉള്ളതു കൂട്ടിയൊരുക്കി ഒരു ഇല്ലാപ്പാട്ട്’ എന്ന അവരുടെ ആമുഖത്തെ അര്‍ത്ഥവത്തക്കുകയാണ് തുടര്‍ന്നുള്ള വരികള്‍…

”അരിമണി തിന്നാനില്ലെന്നാലതിനെന്താ
തിരക്ക് കുറച്ച് നമ്മുടെ രാജ്യം നന്നാകുന്നതിനല്ലേ
പിണ്ണാക്കില്ലാതാലയില്‍ കാലികള്‍ പിടഞ്ഞ് വീണാലെന്താ
തിന്നാല്‍ പാപം കൊന്നാല്‍ തീരും
വിശ്വാസികളുടെ കാലം
ഇരു രാജ്യത്തും സൈനികര്‍ തമ്മില്‍ വെട്ടി ചത്താലെന്താ
വീരന്മാര്‍ക്കത് ചരമം തന്നെ
ധീരന്മാര്‍ക്കോ ഒരു കുറി മരണം
ചാകുന്നോര്‍ക്കും കൊല്ലുന്നോര്‍ക്കും
ന്യായം ഒന്നത് നാടിന് വേണ്ടി
നാട്ടില്‍ ശാന്തി പുലര്‍ത്താന്‍
പ്രാവ് പറത്താം
തോക്കിന്‍ തുമ്പില്‍
പൂക്കള്‍ കുത്താം
യുദ്ധ വിരുദ്ധം
റാലികള്‍ പോകാം
തുടരെ വെടി പൊട്ടിക്കാം

ഇടയ്ക്കിടയ്ക്ക് വരുന്ന അയ്യോ വയ്യേ എന്ന കോറസ് പാട്ടിനെ കൂടുതല്‍ മനോഹരമാക്കുന്നു..

അയ്യോ വയ്യേ അയ്യോ വയ്യേ
വരിനിന്ന് വരിനിന്ന് വയ്യാണ്ടായേ
അയ്യോ വയ്യേ അയ്യോ വയ്യേ
ഒപ്പു വാങ്ങി സീലു വാങ്ങി വയ്യാണ്ടായേ

പണ്ടൊരു രാവില്‍ പൌരരുറങ്ങേ പുലര്‍ന്നതത്രേ സ്വാതന്ത്ര്യം
ഇന്നൊരു രാവില്‍ ഉറക്കം ഞെട്ടി പൌരന്‍ തെരുവില്‍ വെയിലത്തായി
പൊരിയും വരിയില്‍ പൊള്ളുമ്പോളൊരു കള്ളാ വിളിയില്‍ ചൂളാറുണ്ടോ
ഇല്ലം കത്തും നേരം എലികള്‍ തിത്തി തൈ തൈ തുള്ളാറുണ്ടോ
ഉള്ളത് നുള്ളി കൂട്ടിയതുള്ളി തോലു പൊളിച്ചത് പോലുണ്ടോ
ഉള്ളുതുറന്നിട്ടുള്ളത് പറയാന്‍ തുണയില്ലാരും നെഞ്ഞാളുന്നു

ഇനിയങ്ങോട്ടിനി ഗതിയെങ്ങോട്ടാ
ഇനിയങ്ങോട്ടിനി ഗതിയെങ്ങോട്ടാ
അയ്യോ വയ്യേ അയ്യോ വയ്യേ
അയ്യോ വയ്യേ അയ്യോ വയ്യേ

വലയില്‍ പരക്കെ വിരിച്ചൊരു നാട്
വലയാല്‍ പരക്കെ വിരിച്ചൊരു നാട് കുതിച്ചിത് മേപ്പോട്ടെങ്കില്‍
അടിയില്‍പെട്ടവര്‍ അരികത്തായവര്‍ വരിയില്‍ പെട്ട് കുടുങ്ങും
അവര്‍ വരിയില്‍ തിങ്ങിയൊടുങ്ങും
വഴിമുട്ടുന്നോര്‍ വഴിയില്‍ തീരും
വഴിതെറ്റുന്നോര്‍ വഴിയേ അറിയും
വഴിയിനി ഒന്നേയുള്ളൂ വാഴുന്നോരെ വാഴ്ത്തുക മാത്രം
വഴിയില്‍ തൊഴുകൈ കൂപ്പുക മാത്രം ” എന്നു പാടിയാണ് ഊരാളി ടീം തങ്ങളുടെ പാട്ടിന് ടീ ബ്രെയ്ക്ക് പറഞ്ഞിരിക്കുന്നത്.

സജി, സുധീഷ്, ജയ് ജെ, ഷാജി, സ്വരൂപ്, അലക്‌സ്, നിധീഷ്, ആനന്ദ്, അര്‍ജുന്‍ എന്നിവരാണ് മാര്‍ട്ടിനൊപ്പം ‘ഉള്ളതു കൂട്ടിയൊരുക്കി ഒരു ഇല്ലാപ്പാട്ടുമായി വന്നിരിക്കുന്നത്

Top