രമേശ് ചെന്നിത്തലയുടെ സ്വപ്നത്തിന് ഉമ്മൻചാണ്ടി ‘വക’ ഒരു സൂപ്പർ കട്ട് . . .

നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് തദ്ദേശ തിരഞ്ഞെടുപ്പ് നടന്നാൽ ‘പണി’ പാളുമെന്ന് ഭയന്ന് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പുതിയ നിലപാടാണ് പ്രതിപക്ഷത്തിൻ്റെ നെഞ്ചിടിപ്പേറ്റിയിരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് അനുകൂലമായ റിപ്പോർട്ട് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഭാഗത്ത് നിന്നും കമ്മീഷണർക്ക് ലഭിച്ചിട്ടുണ്ട്.

കോവിഡ് പശ്ചാത്തലത്തിൽ നിയമസഭ തിരഞ്ഞെടുപ്പിനൊപ്പമേ തദ്ദേശ തിരഞ്ഞെടുപ്പും നടക്കുകയൊള്ളൂ എന്നായിരുന്നു യു.ഡി.എഫ് നേതാക്കൾ ധരിച്ച് വച്ചിരുന്നത്. ഇതു വഴി ഭരണ വിരുദ്ധ വികാരമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ അപ്രതീക്ഷിത തീരുമാനം ഈ സ്വപ്നങ്ങൾക്ക് കനത്ത പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ഏറ്റവും വലിയ ആശങ്ക പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കാണ്.

തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യക്തമായ മേധാവിത്വം ഇടതുപക്ഷത്തിനുണ്ടാവുമെന്നാണ് യു.ഡി.എഫ് നേതൃത്വം വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ കേരള കോൺഗ്രസ്സ് ജോസ് വിഭാഗത്തെ ഒപ്പം നിർത്താനുള്ള ശ്രമങ്ങളും അവർ തുടങ്ങിയിട്ടുണ്ട്. എന്നാൽ അപമാനിക്കപ്പെട്ട് പുറത്ത് പോകേണ്ടി വന്നതിനാൽ ഇപ്പോൾ തിരിച്ചില്ല എന്ന നിലപാടിലാണ് ജോസ് പക്ഷം.

കേരള കോൺഗ്രസ്സിൽ ജനപിന്തുണ കൂടുതൽ ജോസ് വിഭാഗത്തിനായതിനാൽ ഇടതുപക്ഷവും തന്ത്രപരമായ നീക്കങ്ങളാണ് നടത്തി വരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസ്.കെ മാണി വിഭാഗവുമായി ധാരണയിലെത്താനാണ് ശ്രമം. തെക്കൻ കേരളത്തിൽ ഇതുവഴി കൂടുതൽ നേട്ടമുണ്ടാക്കാമെന്നാണ് ഇടതുപക്ഷ നിഗമനം. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പ്രഹരം ഏറ്റാൽ അത് രമേശ് ചെന്നിത്തലയുടെ ഭാവിയെ തന്നെയാണ് തകിടം മറിക്കുക.

അദ്ദേഹത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനമോഹത്തിനാണ് ഇരുട്ടടി ലഭിക്കുക. വീണ്ടും പ്രതിപക്ഷ നേതാവാകാൻ പോലും പറ്റിയെന്നും വരികയില്ല. ഇത് മുന്നിൽ കണ്ടാണ് ഉമ്മൻ ചാണ്ടി വിഭാഗവും നിലവിൽ കരുക്കൾ നീക്കുന്നത്. ജോസ്.കെ മാണി വിഭാഗം തദ്ദേശ തിരഞ്ഞെടുപ്പിൽ പുറത്ത് നിൽക്കട്ടെ എന്ന് ആഗ്രഹിക്കുന്നത് യഥാർത്ഥത്തിൽ ‘എ’ വിഭാഗമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായാൽ നിയമസഭ തിരഞ്ഞെടുപ്പിൽ ജോസ്.കെ മാണി വിഭാഗത്തെ ഒപ്പം കൂട്ടാമെന്നതാണ് അവരുടെ അജണ്ട.

ഇത്തരമൊരു സാഹചര്യത്തിൽ യു.ഡി.എഫിലേക്ക് തിരിച്ചെത്തിയാൽ ജോസ്.കെ മാണിക്കും ‘പവർ’ കൂടും. എങ്ങനെയും പി.ജെ.ജോസഫ് വിഭാഗത്തെ ഒതുക്കുക എന്നത് മാത്രമാണ് ജോസ് ഭാഗത്തിൻ്റെ താൽപ്പര്യം. അതിന് ഇത്തരം ഒരു ഫോർമുലയോട് അവർക്കിടയിലും യോജിപ്പാണുള്ളത്. തങ്ങളില്ലാതെ യു.ഡി.എഫിന് ഭരണം കിട്ടില്ലന്ന പ്രതീതി സൃഷ്ടിക്കാനാണ് ജോസ് വിഭാഗം ആഗ്രഹിക്കുന്നത്.

ഈ അപകടം മുന്നിൽ കണ്ട് ഐ വിഭാഗവും ഇപ്പോൾ തന്നെ ജോസ്.കെ മാണിയെ സ്വാധീനിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപു തന്നെ ജോസിൻ്റെ പാർട്ടിയെ മുന്നണിയിൽ എത്തിക്കാനാണ് ശ്രമം. ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റ്യൻ ഉൾപ്പെടെയുള്ളവരെ വരുതിയിലാക്കാനും ശ്രമങ്ങൾ തകൃതിയാണ്. എന്നാൽ ജോസ്.കെ മാണി വിഭാഗം ഇതുവരെ ചെന്നിത്തലയ്ക്ക് പിടികൊടുത്തിട്ടില്ല. ഈ വിഭാഗത്തിലെ മിക്ക നേതാക്കൾക്കും ഉമ്മൻ ചാണ്ടിയോടാണ് അടുപ്പമുള്ളത്.

അതേ സമയം, തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായി ധാരണയുണ്ടാക്കാനാണ് ജോസ്.കെ മാണി താൽപ്പര്യപ്പെടുന്നത്. ബാക്കിയെല്ലാം പിന്നീട് ആലോചിക്കാമെന്നതാണ് അദ്ദേഹത്തിൻ്റെ നിലപാട്. ഈ നിലപാടിനെയാണ് ചെന്നിത്തലയിപ്പോൾ ശരിക്കും ഭയക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേട്ടമുണ്ടാക്കുമെന്ന കാര്യത്തിൽ ചെന്നിത്തലക്ക് പോലും മറിച്ചൊരു അഭിപ്രായമില്ലന്നതാണ് യാഥാർത്ഥ്യം.

ആദ്യം തെറിക്കുക കോൺഗ്രസ്സ് ഭരിക്കുന്ന കൊച്ചി കോർപ്പറേഷനാകാനും സാധ്യത കൂടുതലാണ്. അത്രയ്ക്കും ജനവികാരം കോർപ്പറേഷൻ ഭരണത്തിനെതിരെ കൊച്ചിയിലുണ്ട്. ഇതുൾപ്പെടെ യു.ഡി.എഫ് ഭരിക്കുന്ന പല തദ്ദേശ സ്ഥാപനങ്ങളും പിടിച്ചെടുക്കാൻ ശക്തമായ ഇടപെടലാണ് ഇടതുപക്ഷം നടത്തി കൊണ്ടിരിക്കുന്നത്.

പ്രാദേശിക വിഷയങ്ങൾ സ്വാധീനം ചെലുത്തുന്ന തിരഞ്ഞെടുപ്പെന്നതും ഇടതുപക്ഷത്തെ സംബന്ധിച്ച് പ്രതീക്ഷ വർദ്ധിപ്പിക്കുന്ന പ്രധാന ഘടകമാണ്. അടിത്തട്ട് വരെയുള്ള ശക്തമായ സംഘടനാ സംവിധാനമാണ് ഇടതുപക്ഷത്തിൻ്റെ കരുത്ത്. ഈ കരുത്തിൻ്റെ അടിത്തറയാകട്ടെ സി.പി.എമ്മിൻ്റേതുമാണ്. സി.പി.ഐ ഉൾപ്പെടെയുള്ള ഇടതു മുന്നണി ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിന് സജ്ജമായിരിക്കുന്നത്.

യു.ഡി.എഫിൽ ലീഗ് മാത്രമാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാൻ ഇതിനകം തന്നെ തയ്യാറെടുപ്പ് നടത്തിയിരിക്കുന്നത്. അവരെ സംബന്ധിച്ച് ഉള്ള ഭരണമെങ്കിലും നില നിർത്തേണ്ടത് ആവശ്യവുമാണ്. കേരള കോൺഗ്രസ്സ് ജോസ് വിഭാഗത്തെ പുറത്താക്കിയതിലും ലീഗ് അണികളിൽ ഭിന്നതയുണ്ട്. എന്നാൽ ഇവിടെ തന്ത്രപരമായ സമീപനമാണ് കുഞ്ഞാലിക്കുട്ടി സ്വീകരിച്ചിരിക്കുന്നത്.

ചെന്നിത്തലയെ ഒതുക്കാനുള്ള ഉമ്മൻ ചാണ്ടി ‘തന്ത്രത്തി’നാണ് ലീഗ് നേതൃത്വം കൂട്ട് നിന്നിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടിയെയാണ് ലീഗ് ആഗ്രഹിക്കുന്നത്. ഭരണം കിട്ടിയാൽ കുഞ്ഞാലിക്കുട്ടിക്ക് ഉപമുഖ്യമന്ത്രിപദമാണ് എ വിഭാഗവും മുന്നോട്ട് വച്ചിരിക്കുന്നത്. ഈ ഓഫറിലാണ് ഇവർക്കിടയിലെ തന്ത്രങ്ങളും വികസിക്കുന്നത്. ഇവിടെ, യഥാർത്ഥത്തിൽ നോക്കുകുത്തിയായിരിക്കുന്നത് ചെന്നിത്തലയാണ്.

അടുത്ത ഭരണം കിട്ടിയാലും ഇല്ലങ്കിലും ചെന്നിത്തല യു.ഡി.എഫ് നായകനാകില്ലന്ന് പറയുന്നത് കോൺഗ്രസ്സ് നേതാക്കൾ തന്നെയാണ്. ഐ വിഭാഗത്തിന് എം.എൽ.എ മാരുടെ എണ്ണത്തിൽ കഴിഞ്ഞ തവണ ലഭിച്ച മുൻതൂക്കം അടുത്ത തവണയുണ്ടാകില്ലന്നാണ് എ വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഇതിന് അനുസരിച്ച ‘നിലപാടുകൾ’ മണ്ഡലങ്ങളിൽ എ വിഭാഗം സ്വീകരിച്ചാൽ ചെന്നിത്തലയുടെ വിജയം പോലും ത്രിശങ്കുവിലാകും. കോൺഗ്രസ്സിൽ അടിത്തട്ട് വരെ സ്വാധീനമുള്ളത് എ വിഭാഗത്തിനാണ്. ഹരിപ്പാട്ടും അത് അങ്ങനെ തന്നെയാണ്. യു.ഡി.എഫിൻ്റെ ക്രൗഡ് പുള്ളർ ഇപ്പോഴും ഉമ്മൻ ചാണ്ടിയാണ്. ചെന്നിത്തലയ്ക്ക് ഇതുവരെ, ബഹുജന സ്വാധീനം ആർജ്ജിക്കാൻ കഴിഞ്ഞിട്ടില്ല.

പിണറായി – ചെന്നിത്തല താരതമ്യം കോൺഗ്രസ്സുകാർ പോലും ആഗ്രഹിക്കുന്നുമില്ല. യു.ഡി.എഫ് ഘടക കക്ഷികളും ഉമ്മൻചാണ്ടിയെയാണ് പിണറായിക്ക് ഒത്ത എതിരാളിയായി കണക്കാക്കുന്നത്. ചെന്നിത്തലയെ ഉയർത്തിക്കാട്ടിയാൽ ഇടതിന് തുടർ ഭരണം, യു.ഡി.എഫ് തന്നെ ഉറപ്പ് വരുത്തുന്നതിന് തുല്യമായി പോകുമെന്നാണ് ലീഗ് അണികളും ചൂണ്ടിക്കാട്ടുന്നത്. സംഘപരിവാറുമായുള്ള ചെന്നിത്തലയുടെ ബന്ധമാണ് ലീഗിനും അദ്ദേഹത്തെ അപ്രിയനാക്കിയിരിക്കുന്നത്.

Top