‘ഐ’ ഗ്രൂപ്പിനെ ‘പൊളിച്ചടുക്കുവാന്‍’ ഉമ്മന്‍ചാണ്ടിയുടെ കരുനീക്കങ്ങള്‍

മ്മന്‍ചാണ്ടിയുടെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ ചുവടുകള്‍ പിഴയ്ക്കുന്നത് രമേശ് ചെന്നിത്തലയ്ക്ക്. ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന ബ്രിട്ടീഷ് തന്ത്രം തന്നെയാണ് പുതിയ കാലത്ത് ഉമ്മന്‍ ചാണ്ടിയും നടപ്പാക്കുന്നത്. ഐ ഗ്രൂപ്പിലെ ഭിന്നതയും മുരളീധരന്റെ നിലപാടുമെല്ലാം ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമാണ്. കെ.സി വേണുഗോപാലിനോട് അനുഭാവം പുലര്‍ത്തുന്ന ഒരു ചെറുഗ്രൂപ്പും ഇപ്പോള്‍ ഐ വിഭാഗത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. വി.ഡി.സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഐ ഗ്രൂപ്പില്‍ തന്നെ നില്‍ക്കുമോ എന്ന കാര്യത്തിലും സംശയങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.

ബെന്നി ബഹന്നാനെ ഉമ്മന്‍ ചാണ്ടി തഴഞ്ഞ സാഹചര്യത്തില്‍ പകരം സതീശന് കൊച്ചിയില്‍ സാധ്യത ഏറെയാണ്. പി.ടി തോമസ് വീണ്ടും എ വിഭാഗത്തോട് അടുക്കുന്ന സാഹചര്യവും നിലവിലുണ്ട്. എം.എല്‍.എമാരുടെ എണ്ണം ലക്ഷ്യമിട്ടാണ് ഉമ്മന്‍ചാണ്ടി സകല നീക്കങ്ങളും നടത്തി വരുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ്സ് എം.എല്‍.എമാരില്‍ എണ്ണത്തില്‍ കൂടുതല്‍ ഐ വിഭാഗമായിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനം ചെന്നിത്തലയ്ക്ക് ലഭിക്കുന്നതിന് ഇതും വലിയ ഘടകമായിരുന്നു. ഈ ‘ആനുകൂല്യം’ ചെന്നിത്തലക്ക് ഇത്തവണ ഉണ്ടാകരുതെന്നാണ് ഉമ്മന്‍ ചാണ്ടി ആഗ്രഹിക്കുന്നത്.

‘എ’ വിഭാഗത്തിന് കൂടുതല്‍ എം.എല്‍.എമാരെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതും അതുകൊണ്ടാണ്. ഗ്രൂപ്പ് വിഭജനമല്ല ലക്ഷ്യമെന്ന് പറയുന്ന മുല്ലപ്പള്ളിയുടെ നിലപാടും ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് തുണയാകും. ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ശക്തമായി ഇടപെടാനാണ് ഉമ്മന്‍ ചാണ്ടിയുടെ തീരുമാനം. കോണ്‍ഗ്രസ്സ് വര്‍ക്കിങ്ങ് കമ്മറ്റി അംഗമെന്ന നിലയില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഹൈക്കമാന്റില്‍ പരിഗണനയും കൂടും. ചെന്നിത്തല ഭയക്കുന്ന പ്രധാന ഘടകവും ഇതാണ്. ഇതിനെല്ലാം പുറമെ ‘ഐ’ ഗ്രൂപ്പിനെ വെട്ടിലാക്കാന്‍ പോകുന്നത്, ‘എ’ ഗ്രൂപ്പ് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുമെന്നതാണ്. കേരള കോണ്‍ഗ്രസ്സ് ജോസ് വിഭാഗം മുന്നണി വിട്ടത് ഏറെ അനുഗ്രഹമാകുന്നത് ‘എ’ വിഭാഗത്തിനാണ്.

കഴിഞ്ഞ തവണ 15 സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ്സ് മത്സരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ജോസില്ലാത്ത കേരള കോണ്‍ഗ്രസ്സിന് 7 സീറ്റുകളാണ് കോണ്‍ഗ്രസ്സ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ബാക്കി സീറ്റുകളില്‍ പിടിമുറുക്കാനാണ് ‘എ’ വിഭാഗത്തിന്റെ തീരുമാനം. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ‘ഐ’ വിഭാഗത്തിന് ശക്തി കുറവായതിനാല്‍ ഇക്കാര്യത്തില്‍ വിലപേശലിനും ‘എ’ ഗ്രൂപ്പ് വഴങ്ങുകയില്ല. യഥാര്‍ത്ഥത്തില്‍ ജോസ് കെ മാണി വിഭാഗം മുന്നണിക്ക് പുറത്തായത് ‘എ’ വിഭാഗത്തിനാണ് നേട്ടമാകുന്നത്. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചാല്‍ കേരള കോണ്‍ഗ്രസ്സ് മത്സരിച്ച സീറ്റുകളില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് ‘എ’ വിഭാഗം കണക്ക് കൂട്ടുന്നത്.

പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ഏറ്റുമാനൂര്‍, പൂഞ്ഞാര്‍, തൊടുപുഴ, ഇടുക്കി, തിരുവല്ല, കുട്ടനാട്, കോതമംഗലം, ഇരിങ്ങാലക്കുട, ആലത്തൂര്‍, പേരാമ്പ്ര, തളിപ്പറമ്പ് മണ്ഡലങ്ങളിലാണ് കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ്സ് മത്സരിച്ചിരുന്നത്. ഇതില്‍ തൊടുപുഴ, കടുത്തുരുത്തി, പാല, ഇടുക്കി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളില്‍ മാത്രമാണ് കേരള കോണ്‍ഗ്രസ്സിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നത്. പാല മണ്ഡലമാകട്ടെ ഉപതിരഞ്ഞെടുപ്പില്‍ നഷ്ടപ്പെടുകയുമുണ്ടായി. ഒരുമിച്ച് നിന്നപ്പോള്‍ 6 സീറ്റില്‍ മാത്രം ജയിക്കാന്‍ കഴിഞ്ഞവര്‍ക്ക് പിളര്‍പ്പോടെ ജയസാധ്യത കുറയുമെന്നാണ് കോണ്‍ഗ്രസ്സ് ജില്ലാ ഘടകങ്ങളും ചൂണ്ടിക്കാട്ടുന്നത്.

പി.ജെ.ജോസഫ് വിഭാഗത്തെ ഒതുക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രതികരണങ്ങള്‍. ഉമ്മന്‍ ചാണ്ടിയുടെ ‘പാത’ സുഗമമാക്കുകയാണ് നേതാക്കളുടെ ലക്ഷ്യം. 2021 -ല്‍ ഉമ്മന്‍ ചാണ്ടി എന്ന സന്ദേശമാണ് ‘എ’ ഗ്രൂപ്പ് കോണ്‍ഗ്രസ്സ് അണികള്‍ക്ക് നല്‍കുന്നത്. ‘മധുരമായ പ്രതികാരത്തിന്റെ നാളുകള്‍ വരവായി’ എന്ന മുന്നറിയിപ്പും ‘എ’ വിഭാഗം ‘ഐ’ വിഭാഗത്തിനിപ്പോള്‍ പരോക്ഷമായി നല്‍കിയിട്ടുണ്ട്. ഭരണം കിട്ടിയാല്‍ മുഖ്യമന്ത്രി പദം ചെന്നിത്തലയുമായി പങ്കുവയ്ക്കാനും ഉമ്മന്‍ ചാണ്ടി തയ്യാറാകില്ലെന്നാണ് ‘എ’ വിഭാഗം നേതാക്കള്‍ നല്‍കുന്ന സൂചന. തനിക്ക് പറ്റാത്ത സാഹചര്യം ഉണ്ടായാല്‍ മുരളീധരന്‍ അടക്കമുള്ളവരെ രംഗത്തിറക്കാനാണ് ഉമ്മന്‍ ചാണ്ടിയുടെ പ്ലാനത്രെ.

ഉമ്മന്‍ ചാണ്ടി മറിയാല്‍ അധികാര കസേര ലക്ഷ്യമിടുന്ന മുല്ലപ്പള്ളിയും ഇത്തവണ മത്സര രംഗത്തുണ്ടാകും. വി.എം സുധീരനെ മത്സരിപ്പിക്കണമെന്ന ആഗ്രഹവും മുല്ലപ്പള്ളിക്കുണ്ട്. ഇക്കാര്യത്തില്‍ ഹൈക്കമാന്റ് ഇടപെടലും നിര്‍ണ്ണായകമാകും. സോളാര്‍ കേസിലെ ഇടപെടലുകളിലെ അസംതൃപ്തിയും ചെന്നിത്തലയോടുള്ള അടുപ്പവുമാണ് ബെന്നി ബെഹനാന് വിനയായിരിക്കുന്നത്. യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം മാത്രമല്ല നിയമസഭയിലേക്ക് മത്സരിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം കൂടിയാണ് ‘എ’ ഗ്രൂപ്പ് തല്ലി കെടുത്തിയിരിക്കുന്നത്. എം.പിമാര്‍ മത്സരിക്കേണ്ടതില്ല എന്ന നിലപാട് മുല്ലപ്പള്ളിക്കൊപ്പം കടുപ്പിച്ചിരിക്കുന്നത് ഉമ്മന്‍ ചാണ്ടിയാണ്. ഇക്കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയുണ്ടാവുകയാണെങ്കില്‍ അത് മുരളീധരന്റെ കാര്യത്തിലായിരിക്കുമെന്നാണ് ‘എ’ വിഭാഗം പറയുന്നത്.

മുരളിയെ ഗ്രൂപ്പിലേക്ക് അടുപ്പിച്ച് ‘എ’ വിഭാഗത്തെ ശക്തിപ്പെടുത്താനാണ് ഉമ്മന്‍ ചാണ്ടിയുടെ നീക്കം. ഗ്രൂപ്പിന്റെ ഭാവി കൂടി മുന്നില്‍ കണ്ടാണ് ഈ കരുനീക്കം. യുവ നിരയില്‍ ഇപ്പോള്‍ തന്നെ എ വിഭാഗം ശക്തമാണ്. പി.സി വിഷ്ണുനാഥും ഷാഫി പറമ്പിലും ടി.സിദ്ധിഖുമെല്ലാം ശക്തമായി തന്നെ രംഗത്തുണ്ട്. ഒരു ഗ്രൂപ്പിലും പെടാത്ത വി.ടി ബല്‍റാം, ഐ വിഭാഗത്തിലുള്ള ശബരീനാഥ് എന്നിവരെ ‘എ’ ഗ്രൂപ്പില്‍ എത്തിക്കാനും അണിയറയില്‍ ശ്രമമുണ്ട്. വി.എസ്. ശിവകുമാര്‍ ‘ഐ’ ഗ്രൂപ്പ് തലപ്പത്ത് ഉള്ളതിനാല്‍ ശബരീനാഥിനെ അടര്‍ത്തിയെടുക്കാന്‍ കഴിയുമെന്നാണ് ‘എ’ വിഭാഗം കണക്ക് കൂടുന്നത്. എം.പിമാരിലെ ‘ഐ’ സാന്നിധ്യമായ അടൂര്‍ പ്രകാശും ഹൈബി ഈഡനുമെല്ലാം ഉമ്മന്‍ ചാണ്ടിയോട് കൂടുതല്‍ അടുക്കുന്ന സാഹചര്യവും നിലവിലുണ്ട്.

ഭരണം കിട്ടിയാല്‍ ചെന്നിത്തലയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഘടകങ്ങളാണ് ഇതെല്ലാം. മാത്രമല്ല ഘടക കക്ഷികളെ ഒപ്പം നിര്‍ത്താനും ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. മുസ്ലീം ലീഗുമായുള്ള ബന്ധമാണ് കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിലും നിര്‍ണ്ണായക ഇടപെടലുകളാണ് ഉമ്മന്‍ ചാണ്ടി നടത്തിയിരിക്കുന്നത്. അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രിയുടെ കാര്യത്തിലും വലിയ റോളാണ് ലീഗിനുണ്ടാകുക. ഇതും ഉമ്മന്‍ ചാണ്ടി മുന്നില്‍ കാണുന്നുണ്ട്.

യു.ഡി.എഫ് ഭരണം പിടിച്ചാല്‍ ആഭ്യന്തര മന്ത്രിസ്ഥാനം പോലും ചെന്നിത്തലയ്ക്ക് നല്‍കില്ലെന്ന വാശിയും ‘എ’ ഗ്രൂപ്പിനിപ്പോഴുണ്ട്. ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കിയതാണ് ഉമ്മന്‍ ചാണ്ടി ചെയ്ത വലിയ തെറ്റെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ തുറന്നടിക്കുന്നത്. സോളാറില്‍ പ്രതിരോധത്തിലായത് ഈ ഒറ്റ കാരണത്താലാണെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ വികാരം തന്നെയാണ് കോണ്‍ഗ്രസ്സില്‍ ഇപ്പോഴും നീറിപ്പുകയുന്നത്.

അതേസമയം, കോണ്‍ഗ്രസ്സിനുള്ളിലെ ചേരിപ്പോര് അധികം താമസിയാതെ പൊട്ടിത്തെറിയിലേക്കും കാലുവാരലിലേക്കും എത്തുമെന്ന കണക്ക് കൂട്ടലിലാണ് ഇടതുപക്ഷം. തുടര്‍ ഭരണ സാധ്യതയില്‍ ഉറച്ച ആത്മവിശ്വാസമാണ് ഇപ്പോഴും സി.പി.എം നേതൃത്വത്തിനുള്ളത്. വിവാദങ്ങളുടെ ‘കാര്‍മേഘം’ മാറി രാഷ്ട്രീയ പോരാട്ടത്തിലേക്ക് കടക്കുന്നതോടെ വ്യക്തമായ മേധാവിത്വമാണ് ചെമ്പട പ്രതീക്ഷിക്കുന്നത്. ജോസ് കെ മാണി കൂടി എത്തുന്നതോടെ മുന്നണി കൂടുതല്‍ ശക്തമാകുമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍.

Top