ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം

കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹം പോലെ മതിയെന്നും മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ഭാര്യ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. ‘സാധാരണക്കാരനായി ജനിച്ച്, സാധാരണക്കാരനായി ജീവിച്ച ഒരു നേതാവിന് ജനങ്ങള്‍ നല്‍കുന്ന സ്‌നേഹാദരവാണിത്. സംസ്‌കാര ചടങ്ങുകള്‍ അപ്പയുടെ ആഗ്രഹം പോലെ നടത്തണമെന്നാണ് ഞങ്ങളുടെയും ആഗ്രഹം.’ ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘നന്ദി പറയാന്‍ വാക്കുകളില്ല, അദ്ദേഹം കേരളത്തിലെ ഓരോ മലയാളിയെയും ഒരുപാട് സ്‌നേഹിച്ചിരുന്നു. ജാതിമത രാഷ്ട്രീയ ഭേദമെന്യേ അദ്ദേഹം എല്ലാവരെയും സ്‌നേഹിച്ചിരുന്നു. ആ സ്‌നേഹം പത്തിരട്ടിയായിട്ടാണ് ജനങ്ങള്‍ ഇപ്പോള്‍ തന്നുകൊണ്ടിരിക്കുന്നത്. കൊച്ചുകുട്ടികള്‍ മുതല്‍ വയസ്സായവര്‍ വരെ വഴിയില്‍ നിന്ന് അപ്പയെ കാണുന്നു. ദര്‍ബാര്‍ ഹാളിലും വീട്ടിലും ഒക്കെ നമ്മള്‍ ആ തിരക്ക് കണ്ടതാണ്. അദ്ദേഹം കൊടുത്ത സ്‌നേഹം ജനങ്ങളിപ്പോള്‍ അദ്ദേഹത്തിന് തിരിച്ച് കൊടുക്കുകയാണ്.” മകള്‍ അച്ചു ഉമ്മന്റെ വാക്കുകളിങ്ങനെ.

എന്നാല്‍ അതേ സമയം ഇന്ന് രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിലാപയാത്ര വെഞ്ഞാറമൂടിന് ശേഷമുള്ള കൊപ്പം എന്ന സ്ഥലത്തേക്ക് എത്തിയിട്ടേയുള്ളൂ. എപ്പോഴാണ് പുതുപ്പള്ളിയില്‍ എത്തുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. കടന്നു പോകുന്ന വഴികളില്‍ നൂറുകണക്കിന് ജനങ്ങളാണ് അദ്ദേഹത്തെ അവസാനമായി കാണാന്‍ കാത്തുനില്‍ക്കുന്നത്.

Top