കോൺഗ്രസ്സിൽ ‘എ’ ഗ്രൂപ്പ് പടയൊരുക്കം, ചെന്നിത്തല ഗ്രൂപ്പ് ബെന്നിയെ ചതിച്ചു !

ചാലക്കുടിയിയില്‍ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാനെ ഐ ഗ്രൂപ്പ് പാലം വലിച്ചെന്ന പരാതി കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് വഴിയൊരുക്കുന്നു.

ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥനായ ബെന്നി പാര്‍ലമെന്റിലെത്തുന്നത് തടയാനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നീക്കം നടന്നെന്ന പരാതിയാണ് എ ഗ്രൂപ്പ് ഉയര്‍ത്തുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യപ്രതികരണത്തിനു തയ്യാറാകാതെ ഫലപ്രഖ്യാപനം വരെ കാത്തുനില്‍ക്കാനാണ് ഗ്രൂപ്പ് തീരുമാനം.

ചാലക്കുടിയില്‍ ബെന്നി ബെഹ്‌നാന്‍ പരാജയപ്പെട്ടാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും രമേശ് ചെന്നിത്തലയെ നീക്കണമെന്ന കടുത്ത നിലപാടിലേക്ക് എ ഗ്രൂപ്പ് നീങ്ങും. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടിയില്‍ സമ്മര്‍ദ്ദം ശക്തമാക്കാനാണ് ഗ്രൂപ്പ് നീക്കം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതിരുന്നത്. ഉമ്മന്‍ചാണ്ടിയുടെ ഔദാര്യത്തില്‍ രമേശ് ചെന്നിത്തലക്ക് പ്രതിപക്ഷ നേതൃസ്ഥാനം വീണുകിട്ടുകയായിരുന്നു.

കേരളത്തിലെ കോണ്‍ഗ്രസിലെ വലിയ ശക്തിയായ എ ഗ്രൂപ്പിന് നിലവില്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനവും പ്രതിപക്ഷ നേതൃസ്ഥാനവും ഇല്ലാത്ത അവസ്ഥയാണുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ വിശ്വസ്ഥരായ നാലു പേരെ ഐ ഗ്രൂപ്പ് കാലുവാരി തോല്‍പ്പിച്ചതായി ഉമ്മന്‍ചാണ്ടി ഹൈക്കമാന്റില്‍ പരാതി പറഞ്ഞിരുന്നു.

തൃപ്പൂണിത്തുറയില്‍ കെ. ബാബു, ചെങ്ങന്നൂരില്‍ പി.സി വിഷ്ണുനാഥ്, നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത്, കുന്ദമംഗലത്ത് ടി. സിദ്ദിഖ് എന്നിവരെ തോല്‍പ്പിച്ചത് ഐ ഗ്രൂപ്പാണെന്നാണ് തെളിവുകള്‍ സഹിതം ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനെ ധരിപ്പിച്ചത്.

രമേശ് ചെന്നിത്തലയുടെ വിശ്വസ്ഥരായ വി. അബ്ദുറഹിമാന്‍ , പി.വി അന്‍വര്‍ എന്നിവര്‍ ഇടതുമുന്നണിയുടെ സ്വതന്ത്രരായും വിജയിച്ചുകയറി. ഇവരുടെ വിജയത്തിനായി ഐ ഗ്രൂപ്പ് വ്യാപകമായി വോട്ടുമറിച്ചതായാണ് ആരോപണം. 2011ല്‍ കേവലം നാല് എം.എല്‍.എമാരുടെ ഭൂരിപക്ഷത്തിനാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായത്.

സമാനസാഹചര്യമുണ്ടായാല്‍ ഇടതുസ്വതന്ത്രരായി ജയിച്ച അന്‍വറിന്റെയും അബ്ദുറഹിമാന്റെയും പിന്തുണയോടെ മുഖ്യമന്ത്രി സ്ഥാനം സ്വന്തമാക്കാന്‍ രമേശ് ചെന്നിത്തല പദ്ധതിതയ്യാറാക്കിയെന്നാണ് എ ഗ്രൂപ്പിന്റെ വിലയിരുത്തല്‍.

അന്‍വറിനെതിരെ വന്‍തോതില്‍ ആരോപണങ്ങളുയര്‍ന്നിട്ടും, അനധികൃതമായി കെട്ടിയ തടയണ പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും നിയമസഭയില്‍ ഇക്കാര്യം ഉന്നയിക്കാനോ പ്രക്ഷോഭത്തിനോ പ്രതിപക്ഷ നേതാവായ ചെന്നിത്തല തയ്യാറായിരുന്നില്ല.

തോമസ് ചാണ്ടിയുടെയും അന്‍വറിന്റെയും നിയമലംഘനങ്ങള്‍ക്കെതിരെ വി.ടി ബല്‍റാം എം.എല്‍.എ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയതൊഴിച്ചാല്‍ നിയമസഭയില്‍ അന്‍വറിനെ പ്രതികൂട്ടിലാക്കാതെ ചെന്നിത്തല സംരക്ഷിച്ചുവെന്ന ആരോപണം യു.ഡി.എഫിലും ശക്തമാണ്.

2011ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഉമ്മന്‍ചാണ്ടി മത്സരിച്ചപ്പോള്‍ കെ.പി.സി.സി പ്രസിഡന്റായ രമേശ് ചെന്നിത്തലയും ഹരിപ്പാട്ടു നിന്നും മത്സരിച്ച് വിജയിച്ചു. എന്നാല്‍ ഭരണം ലഭിച്ചപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലിച്ച ചെന്നിത്തലയെ എ ഗ്രൂപ്പ് ഒതുക്കുകയായിരുന്നു.

ഒടുവില്‍ സഹിക്കെട്ട് മന്ത്രിസ്ഥാനത്തിനായി ചെന്നിത്തല തന്നെ രംഗത്തിറങ്ങുകയായിരുന്നു. സമ്മര്‍ദ്ദം ശക്തമായതോടെ ചെന്നിത്തലക്ക് ആഭ്യന്തരമന്ത്രി സ്ഥാനം നല്‍കി വിട്ടുവീഴ്ചക്ക് ഉമ്മന്‍ ചാണ്ടിക്കും തയ്യാറാകേണ്ടി വന്നു.

സോളാര്‍കേസ് ഉമ്മന്‍ചാണ്ടിക്കും എ ഗ്രൂപ്പിനുമെതിരെ ആയുധമാക്കാന്‍ ചെന്നിത്തല ശ്രമിച്ചെന്നും ഗ്രൂപ്പിന് പരാതിയുണ്ട്. ഐ ഗ്രൂപ്പുകാരനായ അടൂര്‍ പ്രകാശ് ചെന്നിത്തലയുമായി ഇടഞ്ഞ് ഉമ്മന്‍ചാണ്ടിക്കൊപ്പം പോവുകയും ചെയ്തു.

വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരനെ തോല്‍പ്പിക്കാനും ചെന്നിത്തല കളിച്ചെങ്കിലും കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തി മുരളീധരന്‍ വിജയിക്കുകയായിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം സുധീരനുമായി ചേര്‍ന്ന് ചെന്നിത്തല ഉമ്മന്‍ചാണ്ടിക്കെതിരെ തിരിഞ്ഞെന്ന ആക്ഷേപവും എ ഗ്രൂപ്പിനുണ്ട്.

അടൂര്‍പ്രകാശ്, കെ. ബാബു, ബെന്നി ബെഹ്‌നാന്‍ എന്നിവര്‍ക്ക് സീറ്റു നല്‍കാനാവില്ലെന്ന സുധീരന്റെ കടുംപിടുത്തത്തിനു പിന്നിലും ചെന്നിത്തലയുടെ പിന്തുണയായിരുന്നു. ഒടുവില്‍ അടൂര്‍ പ്രകാശിനും കെ. ബാബുവിനും സീറ്റു നല്‍കിയപ്പോള്‍ തൃക്കാക്കരയില്‍ ബെന്നി ബെഹ്‌നാനെ വെട്ടി പകരം പി.ടി തോമസിനെ സ്ഥാനാര്‍ത്ഥിയുമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൈവിടേണ്ടി വന്ന ബെന്നി ബെഹ്‌നാനെ യു.ഡി.എഫ് കണ്‍വീനറാക്കിയാണ് ഉമ്മന്‍ചാണ്ടി തിരിച്ചടിച്ചത്. ചാലക്കുടി ലോക്‌സഭാ സീറ്റ് ബെന്നി ബെഹ്‌നാന് നേടിക്കൊടുക്കാനും ഉമ്മന്‍ചാണ്ടിക്കു കഴിഞ്ഞു.

ബെന്നി ബെഹ്‌നാനെ ചാലക്കുടിയില്‍ തോല്‍പ്പിക്കാന്‍ ഐ ഗ്രൂപ്പ് നടത്തിയ പാലംവലി തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചാല്‍ കോണ്‍ഗ്രസില്‍ കടുത്ത ഗ്രൂപ്പ് പോരിനായിരിക്കും അത് വഴിവെക്കുക. ഇതോടെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും ചെന്നിത്തല തെറിക്കുകയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് മടങ്ങിയെത്താനുള്ള വഴിതുറക്കുകയും ചെയ്യപ്പെടും.


Express Kerala View

Top